ശ്രവണ സഹായി കൈമാറി കേളി
Friday, November 15, 2024 3:49 PM IST
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സാമൂഹ്യക്ഷേമ പദ്ധതി പ്രകാരമുള്ള ശ്രവണ സഹായി മന്ത്രി വി.എൻ. വാസവൻ കൈമാറി. കേളി നാട്ടിൽ നടത്തുന്ന സാമൂഹ്യ ഇടപെടലുകളുടെ ഭാഗമായാണ് ശ്രവണ സഹായി കൈമാറിയത്.
കോട്ടയം പാമ്പാടി സ്വദേശിയായ സ്കൂൾ വിദ്യാർഥിക്ക് ജന്മനാടായുള്ള കേൾവി പരിമിതി മൂലം തുടർ വിദ്യാഭ്യാസത്തിന് തടസം നേരിടുന്നതായി മന്ത്രി വാസവൻ സംഘടനയെ അറിയിക്കുകയും സാമ്പത്തികമായി പരാധീനതയുള്ള കുടുബത്തെ സഹായിക്കാൻ കേളി കേന്ദ്രകമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
കോട്ടയത്തെ മന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ പ്രവാസി സംഘം കോട്ടയം ജില്ലാ ട്രഷറർ സി. ജോർജ്, പ്രവാസി സംഘം ഏറ്റുമാനൂർ ഏരിയ പ്രസിഡന്റ് ഷിൻസി തോമസ്, സെക്രട്ടറി അജയകുമാർ, കേളിയുടെ കോട്ടയം ജില്ലാ കോഓര്‍ഡിനേറ്റർ പ്രതീപ് രാജ് എന്നിവർ സന്നിഹിതരായി.
ആംബുലൻസ്, ഡയാലിസിസ് മിഷ്യനുകൾ, ഭക്ഷണ വിതരണം, വിശ്രമ ജീവിതം നയിക്കുന്ന അംഗങ്ങൾക്കുള്ള പെൻഷൻ, മുൻ അംഗങ്ങൾക്കുള്ള ചികിത്സാ സഹായം, എസ്എംഎ രോഗികൾക്കുള്ള ബൈപാസ് മിഷ്യനുകൾ തുടങ്ങി ഒട്ടനവധി ഇടപെടലുകൾ കൂടാതെ നാട് അഭിമുഖീകരിക്കുന്ന പ്രകൃതിക്ഷോഭങ്ങളിലും മറ്റും കേളി ക്രിയാത്മകമായി നാട്ടിൽ ഇടപെടുന്നുണ്ട്.