നാഫോ ഗ്ലോബൽ കുവൈറ്റ് വാർഷികം ഗംഭീരമായി ആഘോഷിച്ചു
അബ്ദുല്ല നാലുപുരയിൽ
Tuesday, November 5, 2024 2:31 PM IST
കുവൈറ്റ് സിറ്റി: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന നാഫോ ഗ്ലോബൽ കുവൈറ്റ് 20-ാം വാർഷിക പരിപാടിയായ "മേഘം' മൈദാൻ ഹവല്ലിയിലെ അമേരിക്കൻ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നവംബർ ഒന്നിന് ഗംഭീരമായി നടന്നു.
വൈദ്യുതി ജല മന്ത്രാലയത്തിലെ ഉപദേഷ്ടാവും കുവൈറ്റ് മുനിസിപ്പാലിറ്റി അംഗവുമായ ഫഹദ് അൽ അറാദിയായിരുന്നു വിശിഷ്ടാതിഥി. സാംസ്കാരിക സമ്മേളനത്തിന്റെയും സംഗീതനിശയുടെയും തുടക്കം ഭദ്രദീപം തെളിച്ച് ഫഹദ് അൽ അറാദി നിർവഹിച്ചു.
പ്രശസ്ത പിന്നണി ഗായകനും സംഗീതസംവിധായകനുമായ ജോബ് കുര്യന്റെയും പ്രശസ്ത പിന്നണി ഗായിക അനില രാജീവിന്റെയും മിന്നുന്ന സംഗീത പ്രകടനമായിരുന്നു സായാഹ്നത്തിന്റെ മുഖ്യ ആകർഷണം. വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നാഫോ ഗ്ലോബൽ കുവൈറ്റ് നാല് പ്രമുഖ വ്യക്തികളെ നാഫോ ഗ്ലോബൽ ബിസിനസ് അവാർഡുകൾ നൽകി ആദരിച്ചു.
സംരംഭകത്വ അവാർഡ് റോയൽ സീഗൾ ഗ്രൂപ്പ് ചെയർമാൻ സുനിൽ പറക്കപാടത്ത്, എക്യു ഗ്ലോബൽ ഡയറക്ടർ സുനിൽ മേനോൻ എന്നിവർക്കും കോർപ്പറേറ്റ് ഐക്കൺ അവാർഡ് ജസീറ എയർവേയ്സിലെ ഡെപ്യൂട്ടി സിഇഒയും സിഎഫ്ഒയുമായ കൃഷ്ണൻ ബാലകൃഷ്ണനും അൽ റഷീദ് ഗ്രൂപ്പിലെ സിഎഫ്ഒ പ്രദീപ് മേനോനും നൽകി.
കുവൈറ്റിലെ രാജകുടുംബാംഗമായ ഷൈഖ ഇൻതിസാർ അൽ മുഹമ്മദ് അൽ സബാഹിന്റെ ആശംസ സഹപ്രവർത്തകനായ ബദർ ബരാക്ക് വായിച്ചു. നാഫോയുടെ 20 വർഷത്തെ ചരിത്രത്തെ അടയാളപ്പെടുത്തുന്ന ഒരു സ്മരണിക സ്പോൺസർമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഫീനിക്സ് ഗ്രൂപ്പിന്റെ സിഒഒ നിഷാ സുനിൽ പ്രകാശനം ചെയ്തു.
നാഫോയുടെ ക്ഷേമ സംരംഭമായ നഫോ ഗ്ലോബൽ സ്നേഹസ്പർശത്തിന്റെ 20 പ്രോജക്റ്റുകളെക്കുറിച്ചുള്ള ദൃശ്യാവിഷ്കാരവും നടന്നു. ഈ സംരംഭങ്ങളിലെ സമർപ്പണത്തിനും നേതൃത്വത്തിനും സ്നേഹ സ്പർശം ചെയർമാൻ വിജയകുമാർ മേനോനെ ചടങ്ങിൽ പൊന്നാട നൽകി ആദരിച്ചു.
നാഫോ ഗ്ലോബൽ കുവൈറ്റ് ജനറൽ സെക്രട്ടറി അനീഷ് നായർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് നവീൻ സി.പി പ്രസംഗിച്ചു. നാഫോ അഡൈ്വസറി ബോർഡ് ചീഫ് വിജയൻ നായർ, ട്രഷറർ ഉണ്ണിക്കൃഷ്ണ കുറുപ്പ്, ലേഡീസ് വിംഗ് ചീഫ് കോഓർഡിനേറ്റർ സുനിത വിജയകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
രോഹിത് ശ്യാമിന്റെ നേതൃത്വത്തിൽ നാഫോയുടെ ബാലികാ ബാലന്മാർ നടത്തിയ നാഫോ സിംഫണി ഗണേശ സ്തുതിയും കേരളപ്പിറവി ഗാനവും അവതരിപ്പിച്ചു. പ്രോഗ്രാം കൺവീനർ രാകേഷ് ഉണ്ണിത്താൻ നന്ദി പ്രകാശിപ്പിച്ചതോടെ ചടങ്ങുകൾക്കു സമാപനമായി.