ഉപതെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ച് കേളി
Tuesday, November 5, 2024 11:23 AM IST
റിയാദ്: വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടതുപക്ഷ ജനാതിപത്യ മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളുടെ ഭാഗമായി കേളി കലാസംസ്കാരിക വേദി റിയാദിൽ തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു.
മൂന്ന് മണ്ഡലങ്ങളിലെയും എൽഡിഎഫ് സ്ഥാനാർഥികളായ സത്യൻ മൊകേരി, ഡോ. പി. സരിൻ, യു. ആർ. പ്രദീപ് എന്നിവർ വീഡിയോ കോളിലൂടെ കൺവൻഷനെ അഭിസംബോധന ചെയ്തു സംസാരിച്ചു.
കേളി രക്ഷധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷനായ പരിപാടിയിൽ രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വയനാട് മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പണ വേളയിൽ റോബർട്ട് വദേര പങ്കെടുത്തതിലൂടെ എന്ത് സന്ദേശമാണ് യുഡിഎഫ് ജനങ്ങൾക്ക് നൽകുന്നത് എന്ന് വ്യക്തമാക്കണമെന്ന് സുരേന്ദ്രൻ കൂട്ടായ് ആവശ്യപ്പെട്ടു.
ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായ ഇലക്ടറൽ ബോണ്ട് അഴിമതിയുടെ ഭാഗമായ റോബർട്ട് വദേര നയിക്കുന്ന യുഡിഎഫ് ആരുടെ താൽപര്യമാകും സംരക്ഷിക്കുക എന്നും അദ്ദേഹം ചോദിച്ചു.
വർഗീയതയും കേരളത്തിനെതിരായ പ്രചാരണവും ഒരു വശത്ത് നടക്കുമ്പോൾ മനുഷ്യപക്ഷത്ത് നിന്ന് സംസാരിക്കാൻ ഇടതുപക്ഷം മാത്രമേ ഉള്ളൂ എന്നും എന്നാൽ അത്തരം പ്രവർത്തനങ്ങളെ മാധ്യമങ്ങൾ തമസ്കരിക്കുന്നതായും സംസാരിച്ചവർ അഭിപ്രായപെട്ടു.
കേളി കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, ചന്ദ്രൻ തെരുവത്ത്, ഗീവർഗീസ് ഇടിച്ചാണ്ടി, ജോസഫ് ഷാജി, ഫിറോഷ് തയ്യിൽ എന്നിവർ സംസാരിച്ചു.
കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ സ്വാഗതവും രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ നന്ദിയും പറഞ്ഞു.