ഷാർജ രാജ്യാന്തര പുസ്തകമേളയിൽ "സ്മൃതിലയം' പുസ്തകം പ്രകാശനം ചെയ്തു
ചെറിയാൻ ടി കീക്കാട്
Thursday, November 14, 2024 7:01 AM IST
ദുബായി: ലോകത്തിലെ ഏറ്റവും വലിയ പുസ്തക മേളയായ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് പൂർവ വിദ്യാർഥികൾ രചിച്ച "സ്മൃതിലയം' എന്ന കൃതി ഡോ. മുരളി തുമ്മാരുകുടി പ്രകാശനം ചെയ്തു.
കേരളത്തിലെ കോളേജ് പൂർവ വിദ്യാർഥികളുടെ സംഘടനയായ അക്കാഫ് അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ ഹരിതം ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
ചരിത്രത്തിലാദ്യമായാണ് പത്തു കോളേജുകളിലെ ഇത്രയധികം പൂർവ്വ വിദ്യാർഥികൾ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലിരുന്ന് രചിച്ച പത്തു പുസ്തകങ്ങൾ ഒരു വേദിയിൽ ഒന്നിച്ച് പ്രസിദ്ധീകരിക്കുന്നതെന്ന് അക്കാഫ് പ്രസിഡന്റ് പോൾ ടി. ജോസഫ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് പൂർവ്വ വിദ്യാർഥിയായിരുന്ന സാംസ്കാരിക മന്ത്രി സജി ചെറിയാൻ ആശംസകൾ എഴുതിയ സ്മൃതിലയം, കലാലയ ജീവിതത്തിലെ വിവിധ കാലഘട്ടങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
അനുഭവങ്ങളുടെ രസച്ചരടിൽ കോർത്തിണക്കിയ, കലാലയ സ്മരണകളുടെ കഥയും കവിതയും ലേഖനവും കൊണ്ടു നിറച്ച നിറക്കൂട്ട് ആയിരിക്കും ഈ ഓർമച്ചെപ്പ് എന്ന് എഡിറ്റർമാരായ മോഹൻ ജോർജ് പുളിന്തിട്ട, ഡോ. ചെറിയാൻ ടി. കീക്കാട് എന്നിവർ അറിയിച്ചു.
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് അലുമിനൈ ഫെഡറേഷൻ (യുഎഇ) ഭാരവാഹികളായ ഡോ. തോമസ് കോയാട്ട് (പ്രസിഡന്റ്), ഉദയവർമ്മ (സെക്രട്ടറി), ബിജി സ്ക്കറിയ(ട്രഷറർ), ജേക്കബ് ഈപ്പൻ (അക്കാഫ് പ്രതിനിധി) എന്നിവർ പങ്കെടുത്തു.