പാറശാല സ്വദേശിക്ക് പുതു ജീവനേകി കേളി ജീവകാരുണ്യ വിഭാഗം
Wednesday, November 13, 2024 7:18 AM IST
റിയാദ് : ശരീരം തളർന്നു കിടപ്പിലായ പാറശാല സ്വദേശിക്ക് നാടണയുന്നതിന്ന് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം തുണയായി. മൂന്നു വർഷം മുമ്പാണ് കന്യാകുമാരി പാറശാല സ്വദേശി സ്റ്റാലിൻ ശരീരം തളർന്ന് കിടപ്പിലാകുന്നത്.
റിയാദിലെ അൽഖർജ് പ്രവിശ്യയിൽ കെട്ടിട നിർമാണ തൊഴിലാളിയായ സ്റ്റാലിൻ, അവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി റൂമിൽ നിന്നും പുറത്തിറങ്ങിയപ്പോൾ റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ തന്നെ പ്രദേശവാസികൾ അൽഖർജ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശരീരം തളർന്ന് അബോധാവസ്ഥയിലായി. ഒന്നരമാസത്തെ ചികിത്സക്ക് ശേഷം ബോധം തിരിച്ചു കിട്ടിയെങ്കിലും പിന്നീട് ആറു മാസത്തോളം സമയമെടുത്തു ആരോഗ്യം വീണ്ടെടുക്കാൻ.
അതിനിടയിൽ വിദഗ്ദ ചികിൽസക്ക് നാട്ടിലയക്കാനായി സ്പോൺസർ എക്സിറ്റ് അടിക്കുന്നതിനായി ശ്രമിച്ചപ്പോഴാണ് ഇദ്ദേഹത്തിന്റെ പേരിൽ കേസ് ഉള്ളതായി അറിയുന്നത്. തുടർന്ന് വിവിധ സംഘടനകളുടെ സഹായത്തോടെ കേസിന്റെ വിശദാംശങ്ങൾ ആരായാൻ ശ്രമിച്ചെങ്കിലും കൃത്യമായ വിവരങ്ങൾ ലഭിച്ചില്ല.
അപ്പോഴേക്കും ആറുമാസത്തിലേറെയായിരുന്നു. ഇതിനിടെ അൽഖർജ് ജനറൽ ആശുപത്രിയിലെ ചികിത്സയിൽ അസുഖം ഒരുവിധം ഭേദമായി. തുടർന്ന് സ്റ്റാലിൻതന്നെ നാടണയാനുള്ള ശ്രമം നടത്തി. പക്ഷെ തന്റെ പേരിലുള്ള കേസ് എന്താണ് അറിയാതെ കുഴഞ്ഞു. ഒടുവിൽ സഹായത്തിനായി കേളി പ്രവർത്തകരെ സമീപിക്കുകയായിരുന്നു.
2013ൽ സൗദിയിലെത്തിയ സ്റ്റാലിൻ2018ലാണ് അവസാനമായി നാട്ടിൽ പോയി വന്നത്. മൂത്ത മകളുടെ വിവാഹവുമായി ബന്ധപ്പെട്ടായിരുന്നു 2018ൽ നാട്ടിൽ പോയത്. രണ്ടാമത്തെ മകളുടെ വിവാഹത്തിന് 2021ൽ നാട്ടിൽ പോകാനിരിക്കുന്ന സമയത്താണ് ശരീരം തളർന്ന് കിടപ്പിലാകുന്നത്. സ്റ്റാലിന്റെ പേരിലുണ്ടായിരുന്ന കേസ് പിൻവലിച്ച് ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ എക്സിറ്റ് തരപെടുത്തി.
ദീർഘകാലം രോഗാവസ്ഥയിലും ജോലിയില്ലാതെയും കഴിഞ്ഞ സ്റ്റാലിന് സഹപ്രവർത്തകരും, സുമനസുകളുമാണ് തുണയായത്. കേസുമായി ബന്ധപ്പെട്ട രേഖകൾ ശരിയാവാനെടുത്ത കാലതാമസം ഒരു തരത്തിൽ അനുഗ്രഹമായി മാറി.
ഈ കാലയളവിനുള്ളിൽ അസുഖം പൂർണമായി മാറുകയും പൂർണ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു. എക്സിറ്റ് ലഭിച്ച സ്റ്റാലിന് യാത്രാ ടിക്കറ്റും, വസ്ത്രങ്ങളുമെല്ലാം സുഹൃത്തുക്കൾ നൽകി. ആറുവർഷത്തിനു ശേഷം സ്റ്റാലിൻ വെറും കയ്യോടെ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി.