ചലച്ചിത്രക്കാഴ്ചപ്പാടുകൾ നവീകരിക്കപ്പെടണം: വി.കെ. ജോസഫ്
Thursday, November 14, 2024 12:10 PM IST
റിയാദ്: ഇന്ത്യൻ സിനിമയെന്നാൽ ഹിന്ദി സിനിമയാണെന്ന പൊതുബോധത്തിൽ പ്രാദേശിക ഭാഷാസിനിമകളെയെല്ലാം ആസൂത്രിതമായി പാർശ്വവത്കരിക്കുകയാണ് ചെയ്തതെന്ന് പ്രശസ്ത ചലച്ചിത്ര നിരൂപകൻ വി.കെ. ജോസഫ്.
റിയാദിലെ ചില്ലയുടെ ചലച്ചിത്ര സംവാദത്തിന് ആമുഖപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്റർനാഷണൽ ഫെഡറേഷൻ ഫോർ ഫിലിം ക്രിട്ടിക്സ് ഇന്ത്യ ചാപ്റ്ററിന്റെ അധ്യക്ഷനായ അദ്ദേഹം സൗദി മിനിസ്ട്രി ഓഫ് കൾച്ചർ ആൻഡ് ഫിലിം കമ്മീഷൻ സംഘടിപ്പിക്കുന്ന ഫിലിം ക്രിട്ടിക്സ് കോൺഫറൻസിൽ പങ്കെടുക്കുന്നതിനാണ് റിയാദിൽ എത്തിയത്.
ചലച്ചിത്രപഠനത്തിന് ഇന്ത്യൻ പ്രസിഡന്റിൽ നിന്ന് സുവർണകമലം ഏറ്റുവാങ്ങിയിട്ടുള്ള വി.കെ. ജോസഫ് ചലച്ചിത്ര സംബന്ധിയായ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്.
ഇന്ത്യൻ സിനിമയുടെയും മലയാള സിനിമയുടെയും പശ്ചാത്തലത്തിൽ ജോസഫ് നടത്തിയ വിലയിരുത്തലുകൾ സംവാദത്തിൽ പങ്കെടുത്തവരുടെ കാഴ്ച്ചകളെ കൂടുതൽ തെളിച്ചമുള്ളതാക്കാൻ സാധിക്കുന്നതായിരുന്നു.
സിനിമ കാണുന്നതിന്റെയും അതിനെ വിലയിരുത്തുന്നതിന്റെ സമീപനങ്ങളും നവീകരിക്കപ്പെടേണ്ടതുണ്ടെന്നും അത് നിരന്തരമായ ഒരു വിദ്യാഭ്യാസമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
സൗദി അറേബ്യയിൽ നടന്ന ചലച്ചിത്രമേളകളിൽ ക്ഷണിക്കപ്പെട്ട ഡെലിഗേറ്റായി പങ്കെടുക്കാൻ കഴിഞ്ഞതിന്റെ അനുഭവത്തിൽ സൗദി അറേബ്യ ചലച്ചിത്രമേഖലയിൽ നടത്തുന്ന ഇടപെടലുകളും പരീക്ഷണങ്ങളും വലിയ പ്രതീക്ഷ നൽകുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു.
ചില്ല കോഓർഡിനേറ്റർ സുരേഷ് ലാൽ സ്വഗതം പറഞ്ഞുകൊണ്ട് ആരംഭിച്ച പരിപാടിയിൽ എം. ഫൈസൽ അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി കമ്മിറ്റി കൺവീനർ കെ.പി.എം. സാദിഖ് സംസാരിച്ചു.
വി.കെ. ജോസഫിന്റെ ദീർഘമായ പ്രഭാഷണത്തിന് ശേഷം നടന്നചർച്ചയിൽ സിജിൻ കൂവള്ളൂർ, നജീം കൊച്ചുകലുങ്ക്, ബിനീഷ്, റസൂൽ സലാം, സുമിത്, സതീഷ് വളവിൽ, ഇസ്മായിൽ, നാസർ കാരക്കുന്ന്, വിപിൻ കുമാർ, ഷമീർ കുന്നുമ്മൽ, ബീന, പ്രഭാകരൻ കണ്ടോന്താർ തുടങ്ങിയവർ പങ്കെടുത്തു. സീബ കൂവോട് നന്ദി പറഞ്ഞു.