സൗദിയിൽ വാഹനാപകടം: വയനാട് സ്വദേശി മരിച്ചു
Monday, November 11, 2024 12:51 PM IST
ബുറൈദ: പിന്നിലേക്ക് എടുത്ത വാഹനം തട്ടി ഗുരുതര പരിക്കുകളോടെ ബുറൈദ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന വയനാട് സുൽത്താൻ ബത്തേരി സ്വദേശി കൊക്കനാടൻ വീട്ടിൽ മുഹമ്മദ് റാഫി(54) മരിച്ചു.
കൊക്കനാടൻ വീട്ടിൽ മുഹമ്മദ് മരക്കാർ - ഖദീജ മുഹമ്മദ് ദമ്പതികളുടെ മകനാണ്. കഴിഞ്ഞമാസം 28ന് രാത്രി സുഹൃത്തിനൊപ്പം ബുറൈദ ദാഹിലിയ മാർക്കറ്റിൽ(സൂക്ക് ദാഹിലിയ) നിന്നും അവശ്യ സാധനങ്ങൾ വാങ്ങി മടങ്ങവെയായിരുന്നു അപകടം.
പിന്നിൽ നിന്നും അമിത വേഗതയിൽ വന്ന സ്വദേശി പൗരന്റെ കാർ റാഫിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ ഉടൻ തന്നെ ബുറൈദ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും അഞ്ചാം ദിവസം മരിക്കുകയായിരുന്നു.
കൂടെ ഉണ്ടായിരുന്ന സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപെട്ടു. വയനാട് സുൽത്താൻബത്തേരി സ്വദേശിയായ റാഫി 32 വർഷമായി ബുറൈദയിൽ തയ്യൽ ജോലി ചെയ്തു വരികയായിരുന്നു.
ഖസീം പ്രവാസി സംഘം ഷാര സന യൂണിറ്റ് അംഗമായിരുന്ന റാഫി പ്രദേശത്തെ സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ ഒരുപോലെ സ്വീകാര്യതയുള്ള വ്യക്തികൂടിയായിരുന്നു.
പ്രവാസി സംഘം ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്ത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബുറൈദ ഖലീജ് ഖബറിസ്ഥാനിൽ മറവ് ചെയ്തു.
ഭാര്യ ഹാജറ. മക്കൾ: അനസ്, അനീഷ്, റഫാൻ.