എല്ലാം നേരിൽ കണ്ട് ബോധ്യപ്പെട്ട് റഹീമിന്റെ കുടുംബം; തെറ്റിദ്ധാരണകൾ നീങ്ങിയതായി സഹോദരൻ
ഷക്കീബ് കൊളക്കാടൻ
Thursday, November 14, 2024 12:58 PM IST
റിയാദ്: കൊലപാതകക്കുറ്റത്തിന് വധശിക്ഷ വിധിച്ച് റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുൽ റഹീമിനെ സന്ദർശിക്കാനായി റിയാദിലെത്തിയ ഉമ്മയും ബന്ധുക്കളും എല്ലാം നേരിൽ കണ്ട് ബോധ്യപ്പെട്ടതായി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പലരുടെയും വാക്കുകൾ കേട്ട് റഹീമിന്റെ മോചനത്തിനായി വർഷങ്ങളായി ശ്രമിച്ചു കൊണ്ടിരിക്കുന്ന നിയമസഹായ സമിതിയെ തെറ്റിദ്ധരിച്ചിരുന്നതായും ഇന്ത്യൻ എംബസിയിൽ വച്ച് വിധിപ്പകർപ്പ് അടക്കമുള്ള എല്ലാ രേഖകളും കണ്ടതോടെ അതെല്ലാം മാറിയതായും സഹോദരൻ നസീർ കോടമ്പുഴ പറഞ്ഞു.
റിയാദിൽ ഇതിനായി പ്രയത്നിച്ച സമിതി അംഗങ്ങളോടും മാധ്യമ പ്രവർത്തകരോടും മുഴുവൻ നാട്ടുകാരോടും അകമഴിഞ്ഞ നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. നസീറിനോടൊപ്പം ഉമ്മ ഫാത്തിമയും അമ്മാവൻ അബ്ബാസും അമ്മാവന്റെ ഭാര്യയുമാണ് സൗദിയിലെത്തിയത്.
രണ്ടാഴ്ച മുൻപ് സൗദിയിലെ അബഹയിൽ എത്തിയെങ്കിലും കഴിഞ്ഞദിവസമാണ് അവർക്ക് അബ്ദുറഹീമിനെ ജയിലിൽ സന്ദർശിക്കാനായത്. അതിന് ശേഷം റിയാദിലെ ഇന്ത്യൻ എംബസിയിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അടക്കമുള്ള ഉദ്യോഗസ്ഥരെ കണ്ടിരുന്നു.
തങ്ങൾക്കുള്ള അറിവുകൾ പരിമിതമായിരുന്നെന്നും അതുകൊണ്ടു തന്നെ പലരും ഈ വിഷയത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ മനഃപൂർവം ശ്രമിച്ചിരുന്നതായാണ് ഇപ്പോൾ തിരിച്ചറിയുന്നതിനും മുഴുവൻ രേഖകളുടെയും കോപ്പികൾ തന്റെ കെെയിലുണ്ടെന്ന് അബ്ദുറഹീം തന്നെ പറഞ്ഞതായും നസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഈ കേസുമായി വർഷങ്ങളായി റഹീമിന്റെ കൂടെയുള്ള റിയാദ് റഹീം നിയമ സഹായ സമിതിയെയും അതിന്റെ തലപ്പത്തുള്ള നാട്ടുകാരൻ കൂടിയായ അഷ്റഫ് വേങ്ങാട്ടിനെയും പൂർണ വിശ്വസമാണെന്നും സഹോദരൻ പറഞ്ഞു.
അബ്ദുറഹീമിന്റെ വധശിക്ഷ റദ്ദാക്കിയ സ്ഥിതിക്ക് ഇനി സാങ്കേതികമായ ചില നടപടിക്രമങ്ങൾ കൂടി പൂർത്തിയായാൽ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉമ്മയും ബന്ധുക്കളും പറഞ്ഞു. ഇതിനായി പ്രയത്നിച്ചവർ ഇനിയും കൂടെയുണ്ടാകണമെന്നും എന്നും തങ്ങൾ അവരോട് കടപ്പെട്ടിരിക്കുന്നതായും നസീർ അറിയിച്ചു. .