കേളിദിനം: സംഘാടക സമിതി രൂപീകരിച്ചു
Thursday, November 7, 2024 3:09 PM IST
റിയാദ്: പ്രവാസികൾക്ക് താങ്ങും തണലുമായി റിയാദിന്റെ മണ്ണിൽ പ്രവർത്തിക്കുന്ന കേളി കലാസാംസ്കാരികവേദി 24-ാം വാർഷികം ആഘോഷിക്കുന്നു. "കേളിദിനം 2025' എന്നപേരിൽ ജനുവരി മൂന്നിന് നടത്തുന്ന ആഘോഷങ്ങളുടെ ഏകോപനത്തിനായി 251 അംഗ സംഘാടകസമിതിക്ക് രൂപം നൽകി.
ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഘാടക സമിതി രൂപീകരണ യോഗത്തിൽ കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് യോഗം ഉദ്ഘാടനം ചെയ്തു.
2001 ജനുവരി ഒന്നിന് പിറവിയെടുത്ത കേളി കലാസാംസ്കാരിക വേദി റിയാദിന്റെ മണ്ണിൽ മാത്രമല്ല പിറന്ന നാടിനും കൈത്താങ്ങായിമാറിയിട്ട് 24 വർഷങ്ങൾ പിന്നിടുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സൗദിയിലെ പ്രവാസി സമൂഹത്തിന് കൈത്താങ്ങായി തുടക്കം കുറിച്ച കേളിയുടെ പ്രവർത്തനങ്ങൾ പിന്നീട് കലാ, കായിക, സാംസ്കാരിക, മാധ്യമ രംഗത്ത് ശക്തമായ വേരുറപ്പിച്ചു.
2024ൽ മാത്രം നടത്തിയ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണ്. തുടർച്ചയായ ഏട്ടാം വർഷവും "ജീവ സ്പന്ദനം' എന്നപേരിൽ വിശുദ്ധ ഹജ്ജിനോടാനുബന്ധിച്ച് ആയിരത്തിലധികം പ്രവാസികളെ പങ്കെടുപ്പിച്ചുകൊണ്ട് രക്തദാന ക്യാമ്പ് നടത്തി.
ഈ അധ്യയന വർഷത്തിൽ 240 വിദ്യാർഥികൾക്ക് നൽകിയ "പ്രതീക്ഷ'വിദ്യാഭ്യാസ പുരസ്കാരം, "ഹൃദയപൂർവ്വം കേളി' പദ്ധതി വഴി കേരളത്തിൽ നൽകിയ എഴുപതിനായിരത്തിൽ പരം പൊതിച്ചോറുകൾ, ഉരുൾപൊട്ടലിൽ തകർന്ന വയനാട്ടിലെ ഗ്രാമങ്ങളുടെ പുനഃരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 50 ലക്ഷം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സംഘടന നടത്തി.
വലിയ പദ്ധതികൾക്ക് പുറമെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ, കൊലകുറ്റം ചുമത്തി ജയിലിലടക്കപ്പെട്ട നാല് ഉത്തർ പ്രദേശ് - തമിഴ്നാട് സ്വദേശികളുടെ നിരപരാധിത്വം തെളിയിച്ച് നാട്ടിലെത്തിക്കാൻ കഴിഞ്ഞതും മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതും രോഗങ്ങളാൽ ദുരിതമനുഭിക്കുന്നവരെ സഹായിക്കുന്നതുമടക്കം എണ്ണമറ്റ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞതായും കെ.പി.എം. സാദിഖ് പറഞ്ഞു.
കേളി അംഗങ്ങളുടെയും കുട്ടികളുടെയും സർഗവാസനകൾ പ്രകടിപ്പിക്കുന്നതിന്നും പ്രോത്സാഹിപ്പിക്കുന്നതിന്ന് കൂടിയാണ് കേളി വാർഷികം മുൻതൂക്കം നൽകുന്നത്. സംഘാടക സമിതി രൂപീകരണയോഗത്തിൽ ജോയിന്റ് സെക്രട്ടറി മധു ബാലുശേരി പാനൽ അവതരിപ്പിച്ചു.
കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, ഫിറോഷ് തയ്യിൽ, ചന്ദ്രൻ തെരുവത്ത്, ഗീവർഗീസ് ഇടിച്ചാണ്ടി, സുരേന്ദ്രൻ കൂട്ടായ്, കുടുംബവേദി സെക്രട്ടറി കൂടിയായസീബാ കൂവോട് എന്നിവർ രൂപീകരണ യോഗത്തിൽ സന്നിഹിതരായിരുന്നു.
രജീഷ് പിണറായി ചെയർമാൻ, ശ്രീഷ സുകേഷ് വൈസ് ചെയർപേഴ്സൺ, നൗഫൽ സിദ്ദിഖ് വൈസ് ചെയർമാൻ, റഫീക്ക് ചാലിയം കൺവീനർ, ലാലി രജീഷ്, റഫീഖ് പാലത്ത് ജോയിന്റ് കൺവീനർമാർ സുനിൽ സുകുമാരൻ സാമ്പത്തിക കൺവീനർ സുജിത് ജോയിന്റ് കൺവീനർ.
ഫൈസൽ കൊണ്ടോട്ടി, ഷെബി അബ്ദുൾ സലാം(പ്രോഗ്രാം), ബിജു തായമ്പത്ത്, സതീഷ് കുമാർ വളവിൽ (പബ്ലിസിറ്റി), കിഷോർ ഇ നിസാം, നിസാർ റാവുത്തർ (ഗതാഗതം), റിയാസ് പള്ളത്ത്, ഷാജഹാൻ (സ്റ്റേജ് ആൻഡ് ഡെക്കറേഷൻ), കരീം പെരുങ്ങാട്ടൂർ, സുനിൽ ബാലകൃഷ്ണൻ (ഭക്ഷണം) എന്നിവരെ യഥാക്രമം കൺവീനറും ജോയിന്റ് കൺവീനർമാരായും ബിജി തോമസ് സ്റ്റേഷനറി ചുമതല, ഗഫൂർ ആനമങ്ങാട് വളണ്ടിയർ ക്യാപ്റ്റൻ എന്നിങ്ങനെ 251 അംഗ സംഘാടക സമിതിക്ക് രൂപം നൽകി.
കേളി ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സംഘാടക സമിതി കൺവീനർ റഫീഖ് ചാലിയം നന്ദി രേഖപ്പെടുത്തി.