തിരയടിച്ച് ബ്ലാങ്ങാട് ബീച്ചിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് രണ്ടായി വേർപെട്ടു
1374318
Wednesday, November 29, 2023 2:14 AM IST
ചാവക്കാട്: ശക്തമായ വേലിയേറ്റത്തില്‍ ബ്ലാങ്ങാട് ബീച്ചിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് രണ്ടായി വേര്‍പ്പെട്ടു. സംഭവത്തെ തുടര്‍ന്ന് ബ്രിഡ്ജ് പൂര്‍ണമായും കഷണങ്ങളായി അഴിച്ചെടുത്ത് കരയിലേക്കു കയറ്റി. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് ശക്തമായ തിരയടിച്ച് ബ്രിഡ്ജിനെ പരസ്പരം ബന്ധിപ്പിക്കുന്ന കൊളുത്തുകള്‍ വേര്‍പെട്ട് ഒരു ഭാഗം കരയിലും മറുഭാഗം കടലിലുമായത്.
കമ്പയിട്ടും ട്രാക്ടര്‍ ഉപയോഗിച്ച് കെട്ടിവലിച്ചുമാണ് പാലത്തിന്റെ കഷണങ്ങള്‍ കരയ്ക്കുകയറ്റിയത്. അവധിദിവസമല്ലാതിരുന്നതിനാലും ഉച്ചസമയമായതിനാലും സംഭവസമയത്ത് ജീവനക്കാരല്ലാതെ പാലത്തിനു മുകളില്‍ സന്ദര്‍ശകര്‍ ആരും ഇല്ലായിരുന്നുവെന്ന് ബ്രിഡ്ജിന്റെ നടത്തിപ്പുകാര്‍ പറയുന്നു.
എന്നാല്‍, ഒരു സന്ദര്ശകന് ഉണ്ടായിരുന്നുവെന്നും ഇയാള്‍ രക്ഷപ്പെട്ടെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനാണ് സാഹസിക ടൂറിസത്തിന്റെ ഭാഗമായി ടൂറിസംവകുപ്പിനുകീഴില് ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള ജില്ലയിലെ ആദ്യ ഫ്ലോട്ടിംഗ് ബ്രിഡ്ജ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തത്.
ഡിഎംസി അപേക്ഷ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ കമ്പനിയാണ് നിശ്ചിത തുക കെട്ടിവച്ച് ഫ്ലോട്ടിംഗ് ബ്രിഡ്ജ് നടത്തുന്നത്. വേലിയേറ്റത്തിനു വീണ്ടും സാധ്യതയുള്ളതിനാലാണ് ബ്രിഡ്ജ് പൂര്‍ണമായും കരയ്ക്കു കയറ്റുന്നതെന്ന് നടത്തിപ്പുകാര്‍ പറഞ്ഞു. കടല്‍ ശാന്തമാവുന്നതുവരെ ഇനി ബ്രിഡ്ജിന്റെ പ്രവര്‍ത്തനമുണ്ടാവില്ലെന്നും അധികൃതര്‍ പറഞ്ഞു.