ആംബുലൻസ് ചീറിപ്പാഞ്ഞിട്ടും സിനിയുടെ ജീവൻ രക്ഷിക്കാനായില്ല
1572350
Thursday, July 3, 2025 12:05 AM IST
രാജകുമാരി: ചികിത്സാസൗകര്യങ്ങൾ കുറവുള്ള രാജാക്കാട്ടുനിന്ന് ഒരു വീട്ടമ്മയുടെ ജീവൻ രക്ഷിക്കാൻ ആംബുലൻസ് പാഞ്ഞെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജകുമാരി കളരിക്കുന്നേൽ ജോണിയുടെ ഭാര്യ സിനി എന്ന നാല്പത്തഞ്ചുകാരിയായ വീട്ടമ്മയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് രാജാക്കാട്ടെ സ്വകാര്യാശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ എത്രയും വേഗം വിദഗ്ധ ചികിത്സ തേടണമെന്ന നിർദേശമാണ് ഡോക്ടർ നൽകിയത്.
തുടർന്ന് ആംബുലൻസും വാട്സ്ആപ് കൂട്ടായ്മയും ഒന്നിച്ചുള്ള നടപടിയായിരുന്നു.100 കിലോമീറ്റർ അകലെയുള്ള രാജഗിരി ആശുപത്രിയിൽ ഒന്നേമുക്കാൽ മണിക്കൂർകൊണ്ട് സിനിയുമായി ആംബുലൻസെത്തി. ട്രാഫിക് തടസം ഒഴിവാക്കാൻ അടിമാലി, കോതമംഗലം തുടങ്ങിയ സ്ഥലങ്ങളിൽ വാട്സാപ്പ് കൂട്ടായ്മ സംവിധാനമൊരുക്കുകയും ചെയ്തു.
എന്നാൽ, ആശുപത്രിയിലെത്തി അധികം വൈകാതെ സിനി മരിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം രാജകുമാരി പള്ളിയിൽ സംസ്കരിച്ചു.മക്കൾ: ജോയൽ ജോണി, ഹന്ന ജോണി.