മരിയാപുരം സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണം
1572719
Friday, July 4, 2025 5:18 AM IST
ചെറുതോണി: വർധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം യുവതലമുറയെ നാശത്തിന്റെ പടുകുഴിയിലേക്കാണ് നയിക്കുന്നതെന്നു കെസിഎസ്എൽ ഇടുക്കി രൂപത ഡയറക്ടർ ഫാ. അമൽ മണിമലക്കുന്നേൽ. മരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ കെസിഎസ്എലിന്റെയും ഇടുക്കി രൂപത മദ്യവിരുദ്ധ സമിതിയുടെയും നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലഹരിയുടെ ഉപയോഗം തടയുന്നതിനു ജാതി, രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും ഫാ. അമൽ മണിമലക്കുന്നേൽ ആഹ്വാനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി ലഹരിവസ്തുക്കളുടെ ഉപയോഗത്താൽ സമൂഹത്തിൽ ഉണ്ടാകാവുന്ന വിപത്തുക്കൾ സൂചിപ്പിക്കുന്ന വിവിധ തരത്തിലുള്ള പോസ്റ്ററുകൾ കുട്ടികൾ തയാറാക്കി സ്കൂൾ പരിസരങ്ങളിൽ പ്രദർശിപ്പിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി ലഹരിക്കെതിരേ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. മദ്യവിരുദ്ധ സമിതി സംസ്ഥാന കൗൺസിൽ അംഗം സി.എസ്. റെജികുമാർ ലഹരിവിരുദ്ധ ബോധവത്കരണക്ലാസ് നടത്തി.
സ്കൂൾ മാനേജർ ഫാ. തോമസ് ആനിക്കുഴിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജോയി കെ. ജോസ്, മദ്യവിരുദ്ധസമിതി രൂപതാ പ്രസിഡന്റ് സിൽവി ചുനയമ്മാക്കൽ,ഹെഡ്മാസ്റ്റർ സജി മാത്യു, പിടിഎ പ്രസിഡന്റ് സണ്ണി കല്ലക്കാവുങ്കൽ, കെസിഎസ്എൽ അനിമേറ്റർമാരായ സജോ സാബു ജോസഫ്, ഹിൽഡ ജോൺ, എൻഎസ്എസ് കോ-ഓർഡിനേറ്റർ എബി ഏബ്രഹാം, എൻസിസി ഓഫീസർ ഷെറിൻ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.