നവജാതശിശു മരിച്ചു; പ്രതിഷേധം ശക്തം
1572721
Friday, July 4, 2025 5:18 AM IST
അടിമാലി: അടിമാലിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. കൃത്യമായ ചികിത്സ ലഭ്യമാകാത്തതിനെത്തുടർന്നാണ് ശിശു മരിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. കുറത്തിക്കുടി സ്വദേശികളായ ആശ-ഷിബു ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണ് മരിച്ചത്. അടിമാലിയിലെ ആശുപത്രിയില്‍ കുഞ്ഞ് ജനിച്ച് ഏതാനും സമയത്തിനുശേഷം മരിക്കുകയായിരുന്നു. കഴിഞ്ഞ 15-നായിരുന്നു സംഭവം.
14ന് അടിമാലി താലൂക്കാശുപത്രിയില്‍ വയറുവേദനയെത്തുടര്‍ന്ന് യുവതി ചികിത്സ തേടിയെങ്കിലും യുവതിയുടെയും കുഞ്ഞിന്റെയും ആരോഗ്യനില കൃത്യമായി മനസിലാക്കാതെ ഇവരെ തിരികെ കിലോമീറ്ററുകളോളം ദൂരെയുള്ള വീട്ടിലേക്ക് ആശുപത്രി അധികൃതര്‍ തിരികെ അയച്ചതിനെതിരേയാണ് വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. പ്രസവാവശ്യത്തിനായി ആശുപത്രിയില്‍ അഡ്മിറ്റാകണോയെന്ന് ആരാഞ്ഞ തങ്ങളോട് ഏതാനും ദിവസങ്ങള്‍ക്കുശേഷം അഡ്മിറ്റായാല്‍ മതിയെന്ന് ആശുപത്രി അധികൃതര്‍ നിര്ദേശിച്ചിക്കുകയായിരുന്നെന്ന് മരണപ്പെട്ട കുഞ്ഞിന്റെ പിതാവ് പറയുന്നു. ഇതനുസരിച്ച് തിരികെ ഇവര്‍ കുറത്തിക്കുടിയില്‍ എത്തിയെങ്കിലും രാത്രിയോടെ യുവതിയുടെ വയറുവേദന കലശലായി. തുടർന്നു വാഹനത്തില്‍ ഇവര്‍ വീണ്ടും ആശുപത്രിയിലേക്ക് പുറപ്പെട്ടു.
ഏറെദൂരം യാത്ര ചെയ്ത ഇവര്‍ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിയപ്പോഴേക്കും യുവതിയുടെ നില കൂടുതല്‍ വഷളായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോൾ അവിടെ ഗൈനക്കോളജി ഡോക്ടർ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ഫോണ്‍വഴി ഡോക്ടറെ ബന്ധപ്പെട്ടശേഷം യുവതിയെ മറ്റൊരാശുപത്രിയിലേക്ക് മാറ്റുവാന്‍ നിര്‍ദേശം നല്‍കിയതായും ഷിബു പറഞ്ഞു.
എന്നാൽ, മറ്റ് ആശുപത്രിയിലേക്ക് മാറ്റുന്നകാര്യം ആശുപത്രിയിലെ എസ്ടി പ്രമോട്ടറെ അറിയിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. പിന്നീട് ഇവർ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. യുവതിയുടെ നില കൂടുതല്‍ വഷളായതോടെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. പ്രസവം നടന്നെങ്കിലും കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി മോശമായിരുന്നു.
താമസിയാതെ കുഞ്ഞ് മരണപ്പെട്ടു. കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചതോടെ മരിച്ച കുഞ്ഞിനെ യുവതിയുടെ ഭര്‍ത്താവ് ബന്ധുവിന്റെ പക്കല്‍ ഏല്‍പ്പിച്ച ശേഷം യുവതിയുമായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോയി. അടിമാലി താലൂക്കാശുപത്രിയിലെ എസ്ടി പ്രമോട്ടറുമായി ബന്ധപ്പെട്ട് ഐസിയു ആംബുലന്‍സിലാണ് യുവതിയെ കോട്ടയത്തേക്ക് കൊണ്ടുപോയത്. ഈ സംഭവത്തിലാണ് ഇപ്പോള്‍ പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്.
യുവതിയെ 14ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവരുടെ ആരോഗ്യനിലയിൽ കുഴപ്പമില്ലാത്തതിനെതുടർന്നാണ് തിരികെ അയച്ചതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. അരുൺ പറഞ്ഞു. യുവതിയെ സ്കാനിംഗിനു വിധേയമാക്കുകയും തുടർന്നുള്ള പരിശോധനയിൽ കുഴപ്പങ്ങൾ ഒന്നും കണ്ടിരുന്നില്ല. ഇതേത്തുടർന്നാണ് ഇവരെ വീട്ടിലേക്ക് പറഞ്ഞുവിട്ടതെന്നും ഡോക്ടർ പറയുന്നു.
കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന്
അടിമാലി: കൊറത്തികുടി ആദിവാസി ഉന്നതിയിലെ നവജാത ശിശു മരിക്കാനിടയായ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആദിവാസി ക്ഷേമസമിതി ഏരിയാ കമ്മിറ്റി സെക്രട്ടറി എം. ആര്. ദീപു, പ്രസിഡന്റ് ഗോപി രാമന് എന്നിവര്‍ ആവശ്യപ്പെട്ടു. പ്രസവത്തിനായി 19 ന് ആശുപത്രിയില്‍ എത്തുവാനാണ് ഡോക്ടർ നിര്‍ദേശിച്ചത്.
എന്നാല്‍, അസഹ്യമായ വേദനയാണെന്നും വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കോ മറ്റോ പോകണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍ മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്ന് പറയുകയായിരുന്നു. പിന്നീട് ഇവരെ ഉച്ചകഴിഞ്ഞ് മൂന്നിനുശേഷം വീട്ടിലേക്ക് പറഞ്ഞുവിട്ടു. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് നവജാത ശിശു മരിക്കാനിടയാക്കിയതെന്ന് എ കെ എസ് നേതാക്കള്‍ ആരോപിച്ചു.