ഇരുപാർട്ടികളുടെയും വോട്ടുകച്ചവടം പുറത്തായി: സ്വരാജ്
1485472
Monday, December 9, 2024 3:44 AM IST
കട്ടപ്പന: പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃശൂരിൽ വിജയിക്കാൻ കോണ്‍ഗ്രസ് സഹായിച്ചപ്പോൾ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപി പ്രത്യുപകാരം ചെയ്തതായും ഇരുപാർട്ടികളുടെയും വോട്ട്കച്ചവടം പുറത്തായതായും സിപിഐ-എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം സ്വരാജ്. സിപിഐ-എം കട്ടപ്പന ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂന്നാമതും എൽഡിഎഫ് അധികാരത്തിലെത്തുമെന്ന ഭയംകൊണ്ടാണ് കോണ്‍ഗ്രസും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വർഗീയതയെ കൂട്ടുപിടിച്ച് മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരേ പ്രചാരണം നടത്തുന്നത്. ഇതിന് ഇടതുപക്ഷ വിരുദ്ധ ശക്തികളുടെയും വലത് മാധ്യമങ്ങളുടെയും പിന്തുണയുണ്ട്. കോണ്‍ഗ്രസ് ആർഎസ്എസ് കൂട്ടുകെട്ട് രാജ്യത്ത് സ്വാതന്ത്ര്യാനന്തര ഘട്ടം മുതലുള്ളതാണ്.
രാജ്യത്തിനാകെ മാതൃകയായി ബദൽനയങ്ങളുമായാണ് എൽഡിഎഫ് ഭരണം മുന്നോട്ടുപോകുന്നത്. കൊച്ചി ഇടമണ്‍ ഹൈവേ, മലയോര, തീരദേശ പാതകൾ, വാട്ടർ മെട്രോ, കെ-റെയിൽ, ഹൈടെക് സ്്കൂളുകൾ, ആശുപത്രികൾ, 1600 രൂപ പ്രതിമാസ പെൻഷൻ തുടങ്ങിയ മാറ്റങ്ങൾ ജനം തിരിച്ചറിയുന്നുണ്ടെന്നും എം സ്വരാജ് പറഞ്ഞു.
ജില്ലാ കമ്മിറ്റിയംഗം വി. ആർ. സജി അധ്യക്ഷത വഹിച്ചു. എം.എം. മണി എംഎൽഎ, ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എസ്. മോഹനൻ, ഏരിയാ സെക്രട്ടറി മാത്യു ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
സിപിഎം കട്ടപ്പന ഏരിയാ സെക്രട്ടറിയായി മാത്യു ജോർജിനെ തെരഞ്ഞെടുത്തു. 21 അംഗ ഏരിയാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.