അറക്കുളത്ത് കെ.എസ്. വിനോദ് വീണ്ടും പഞ്ചായത്ത് പ്രസിഡന്റ്
1452831
Thursday, September 12, 2024 11:26 PM IST
മൂലമറ്റം: എൽഡിഎഫ് അവിശ്വാസത്തിലൂടെ പുറത്താക്കിയ പ്രസിഡന്റ് അറക്കുളം പഞ്ചായത്തിൽ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കെ.എസ്. വിനോദ് വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് സിപിഎമ്മിനും എൽഡിഎഫിനും കനത്ത തിരിച്ചടിയായി.
അറക്കുളത്ത് പ്രസിഡന്റ് പദവി പട്ടികജാതി സംവരണമാണ്. എൽഡിഎഫിന് ഭൂരിപക്ഷമുള്ള ഇവിടെ സിപിഎമ്മിലെ പി.എസ്. സിന്ധുവായിരുന്നു പ്രസിഡന്റാകേണ്ടിയിരുന്നത്.
എന്നാൽ പട്ടികജാതിയിൽ ജനിച്ച സിന്ധു സിഎസ്ഐ സമുദായത്തിൽപ്പെട്ടയാളെ വിവാഹം കഴിച്ചതായി ചൂണ്ടിക്കാട്ടി യുഡിഎഫ് പ്രവർത്തകർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ജാതി സർട്ടിഫിക്കറ്റ് കൊടുത്ത തഹസിൽദാർ ഇത് റദ്ദു ചെയ്തു. ഇതിനെതിരേസിപിഎം ഹൈക്കോടതിയിൽ പോവുകയും തഹസിൽദാരുടെ നടപടി മരവിപ്പിക്കുകയും ചെയ്തു.
തുടർന്ന് പട്ടികജാതി വർഗ, ഓഫീസായ കിർത്താസിന് പരാതി കൊടുക്കാമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ 20 ദിവസത്തിനുള്ളിൽ പരാതി കൊടുക്കണമെന്ന് പറഞ്ഞെങ്കിലും അതിന് പാർട്ടി നേതൃത്വം തയാറായില്ല.
ഇതിനിടെ സിപിഎം ജില്ലാ കമ്മിറ്റി ഇടപെട്ടാണ് കഴിഞ്ഞ ദിവസം പ്രസിഡന്റ് കെ.എസ്.വിനോദിനെ അവിശ്വാസം കൊണ്ടുവന്ന് പുറത്താക്കിയത്. ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ വിനോദും സിന്ധുവും മത്സരിച്ചു. എന്നാൽ സിന്ധുവിന്റെ നാമനിർദേശ പത്രികയോടൊപ്പം ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നില്ല.
ഇതോടെ വരണാധികാരിയായ അറക്കുളം എഇഒ ആഷ്ലിമോൾ കുര്യാച്ചൻ ഇവരുടെ നാമനിർദേശ പത്രിക തള്ളുകയും വിനോദിനെ പ്രസിഡന്റായി തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയും ചെയ്തു.
ഇതിനിടെ സംഭവം എൽഡിഎഫിനും പാർട്ടിക്കും തിരിച്ചടിയായ സാഹചര്യത്തിൽ പഞ്ചായത്തിലെ പ്രമുഖ സിപിഎം നേതാവിനെതിരേ നടപടി വേണമെന്ന ആവശ്യവും ഒരു വിഭാഗം ഉയർത്തുന്നുണ്ട്.