പഴങ്ങളുടെ വിളനിലമായി ബിജുവിന്റെ തോട്ടം
1339794
Sunday, October 1, 2023 11:25 PM IST
ടി.പി. സന്തോഷ്കുമാർ
തൊടുപുഴ: കണ്ണിനും മനസിനും ഒരു പോലെ കുളിർമ പകരുന്ന ഒരു തോട്ടത്തിലേക്കു പോകാം. വിദേശിയും സ്വദേശിയുമായ പഴവർഗങ്ങളുടെ പറുദീസയായി ഈ തോട്ടം മാറുന്നു. ഇത് ഉടുന്പന്നൂർ മഞ്ചിക്കല്ല് മാമൂട്ടിൽ ബിജുവിന്റെ കൃഷിത്തോട്ടം. ഇന്നു വിവിധയിനം പഴങ്ങളുടെ വിളനിലമായി മാറുന്നു. പരന്പരാഗത കൃഷികൾ നഷ്ടത്തിലേക്കു കൂപ്പുകുത്തിയപ്പോഴാണ് പഴകൃഷിയിലേക്കു ബിജുവിന്റെ ചിന്ത വഴിമാറിയത്.
ഇന്ത്യയിലും വിദേശത്തുമുള്ള റംബൂട്ടാൻ, മാംഗോസ്റ്റിൻ, അബിയു, സാന്തോൾ, സീതപ്പഴം, മലേഷ്യൻ സീതപ്പഴം, ലിച്ചി, അവക്കാഡോ, പാകിസ്ഥാൻ മൾബറി, മിറക്കിൾ ഫ്രൂട്ട്, ബറാബ, സപ്പോട്ട, മുള്ളാത്ത, ലോംഗൻ, പേര, വിവിധയിനം പപ്പായ, നാരകം, വിവിധ ഇനം മാവുകൾ എന്നിവയെല്ലാം ബിജുവിന്റെ തോട്ടത്തിന് അഴകും മിഴിവും പകരുന്നു .
200 ഓളം വരിക്ക പ്ലാവുകളും ഈ കർഷകന്റെ തോട്ടത്തിലുണ്ട്. ഇതിൽ വിയറ്റ്നാം ഏർലി, കംബോഡിയൻ, മലേഷ്യൻ സീഡ്ലെസ്, ഗംല്ലെസ്, തേൻവരിക്ക, മുട്ടൻ വരിക്ക, ജെ33, ആയുർജാക്ക്, ടെൻ സൂര്യ എന്നിങ്ങനെ നീളുന്നു വരിക്ക പ്ലാവിന്റെ നിര. രണ്ടു മുതൽ മൂന്നു വർഷത്തിനുള്ളിൽ കായ്ഫലം നൽകുന്നവയാണ് ഇവയെല്ലാം.
റബറിന്റെ വിലയിടിവും മറ്റു കാർഷിക മേഖലയിലെ അസ്ഥിരതയും പഴങ്ങളുടെ വിപണി സാധ്യതയുമാണ് പുതിയ കൃഷി രീതിയെപ്പറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്ന് ബിജു പറയുന്നു. മൂന്നു മുതൽ അഞ്ചു വർഷത്തിനുള്ളിൽ വിളവ് ശേഖരിക്കാൻ കഴിയുമെന്നതും പഴവർഗങ്ങൾ തെരഞ്ഞെടുക്കാൻ ഈ കർഷകനു പ്രചോദനമായി.
പഴങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളായി മാറ്റാനുള്ള സംവിധാനവും ബിജു തയാറാക്കി കഴിഞ്ഞു. ബിജു അംഗമായ തടിയന്പാട് കേന്ദ്രീകരിച്ചുള്ള മന്നൻ ഓർഗാനിക് ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനിയുമായി ചേർന്ന് ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാനും ലക്ഷ്യമിടുന്നുണ്ട്.
ഇതിന്റ ആദ്യ പടിയായി പഴങ്ങൾ ഉണക്കി സൂക്ഷിക്കാനുള്ള ഡി ഹൈഡ്രേഷൻ ഡ്രയർ സംവിധാനം വീടിനോടനുബന്ധിച്ച് സജ്ജമാക്കിയിട്ടുണ്ട്.
പഴങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളാകുന്നതോടെ വിലയിൽ ഉണ്ടാകുന്ന ചാഞ്ചാട്ടം ബാധിക്കില്ലെന്ന പ്രതീക്ഷയാണ് ഈ കർഷകനുള്ളത്. പൂർണമായും ജൈവവളങ്ങൾ ഉപയോഗിച്ചാണ് കൃഷി. ഇതോടൊപ്പം ഫാം ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താനും പദ്ധതികൾ വിഭാവനം ചെയ്തുവരികയാണ്. ഭാര്യ സിജി, ബിഎസ്സി അഗ്രിക്കൾച്ചറൽ വിദ്യാർഥിനിയായ മകൾ എലിസബത്ത്, മകൻ ഫെലിക്സ്, കർഷകനായ പിതാവ് കുട്ടിയച്ചൻ, മാതാവ് ഏലിയാമ്മ എന്നിവർ ബിജുവിന് പിന്തുണയും പ്രോത്സാഹനവുമായി ഒപ്പമുണ്ട്.