അധികൃതരുടെ അനാസ്ഥ: ജൽജീവനും നഷ്ടമാകുന്നു
1515152
Monday, February 17, 2025 11:52 PM IST
മങ്കൊമ്പ്: കുട്ടനാട്ടില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ പഞ്ചായത്തുകളിലൊന്നായ നീലംപേരൂരില്‍ ജൽജീവന്‍ പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് വിവരാവകാശനിയമപ്രകാരം ഇല്ല എന്ന മറുപടി നല്കുന്നതില് പോലും കേരള വാട്ടര്‍ അഥോറിറ്റിക്ക് ആശയക്കുഴപ്പമാണെന്നാക്ഷേപം. ജൽജീവന്റെ കാര്യത്തില്‍ നീലംപേരൂരിന്റെ ഗതി തന്നെയാണ് കുട്ടനാട്ടിലെ മറ്റു പല പഞ്ചായത്തുകള്ക്കുമുള്ളത്.
എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജലമെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2019ലെ സ്വാതന്ത്ര്യദിനത്തില്‍ പ്രഖ്യാപിച്ച പദ്ധതിക്ക് 2020 ഒക്ടോബറിലാണു കേരളത്തില്‍ തുടക്കമായത്. സംസ്ഥാനവിഹിതവും കേന്ദ്രവിഹിതവും ഉപയോഗിച്ചുള്ള പദ്ധതിയില്‍നിന്നു കുട്ടനാടുപോലെയുള്ള പിന്നാക്കപ്രദേശങ്ങള്‍ പുറംതള്ളപ്പെടുന്ന ദുരവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
പൈപ്പുവെള്ളം
ഡോ. കെ.സി. ജോസഫ് എംഎല്‍എയായിരുന്ന കാലത്ത് കാവാലവും നീലംപേരൂരും ഉള്‍പ്പെടെ ഒട്ടുമിക്ക കുട്ടനാടന്‍ പ്രദേശങ്ങളിലും പരിമിതമായാണെങ്കിലും പൈപ്പുവെള്ളം ലഭിച്ചിരുന്നു. അക്കാലത്തു കുട്ടനാട്ടിലെ പ്രധാന തെരഞ്ഞെടുപ്പു വിഷയം പോലും കുടിവെള്ളവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. എന്തായാലും ആഴ്ചയില്‍ ഒന്നുരണ്ടു ദിവസം ലഭിച്ചുകൊണ്ടിരുന്ന പൈപ്പുവെള്ളം 2006 നുശേഷം പൂര്‍ണമായും നിലച്ചതായാണ് കാവാലം പ്രദേശത്തുനിന്നുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.
പഴയ വിതരണ ലൈനുകളെല്ലാം പുതുക്കിയും ജലലഭ്യത ഉറപ്പുവരുത്തിയും ആവശ്യാനുസരണം ടാങ്കുകളും മറ്റു സംവിധാനങ്ങളും ക്രമീകരിച്ചും കുട്ടനാടു മുഴുവന്‍ കുടിവെള്ളമെത്തിക്കുമെന്ന വാഗ്ദാനം നാളിതുവരെ യാഥാര്‍ഥ്യമായിട്ടില്ല. വേനല്‍ കടുക്കുമ്പോള്‍ വര്‍ഷാവര്‍ഷം വണ്ടിയിലും വള്ളത്തിലുമൊക്കെ ശുദ്ധജലമെത്തിച്ച് വിതരണം ചെയ്യുന്ന പതിവ് കുട്ടനാടിന്റെ പല ഭാഗങ്ങളിലും നിലവിലുണ്ട്.
ഫണ്ട് പാഴാക്കി
ഇത്തരം താത്കാലിക ക്രമീകരണങ്ങള്‍ ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുന്നതുപോലെയാണെന്നാണ് നാട്ടുകാരാക്ഷേപിക്കുന്നത്. വണ്ടിയും വള്ളവുമൊന്നും കടന്നു ചെല്ലാനിടയില്ലാത്ത ഉള്‍പ്രദേശങ്ങളിലാണ് ജലക്ഷാമത്തിന്റെ രൂക്ഷത കുടുതലനുഭവപ്പെടാറുള്ളത്. ഇവര്‍ക്കാകട്ടെ താത്കാലിക ജലവിതരണത്തിന്റെ കാര്യമായ പ്രയോജനമൊന്നും ലഭിക്കാറില്ലെന്നും പരാതിയുണ്ട്.
വേണ്ടത്ര ആസൂത്രണമോ ആലോചനയോ ഇല്ലാതെ വര്‍ഷംതോറും ഇത്തരത്തില്‍ ഫണ്ടു പാഴാക്കിക്കളയുന്നതിനു പകരം ജലവിതരണത്തിനാവശ്യായ സ്ഥിരം സംവിധാനങ്ങളെക്കുറിച്ചു പ്രാദേശിക ഭരണകൂടങ്ങള്‍ ചിന്തിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. തോടുകളെല്ലാം പോളകയറി നിശ്ചലമാകുന്നതു തടയാനും ജല ലഭ്യതയുള്ളയിടങ്ങളില് ആവശ്യാനുസരണം ടാങ്ക് സ്ഥാപിച്ചു പമ്പിംഗ് നടത്തി ജലവിതരണം നടത്താനുമൊക്കെ പദ്ധതികളുണ്ടാകണമെന്നാണ് നാട്ടുകാരാവശ്യപ്പെടുന്നത്.
പുനഃക്രമീകരിക്കണം
കുടിശിക കിട്ടാതെ കരാറുകാര്‍ നടത്തുന്ന പ്രതിഷേധവും ചില ക്രമക്കേട് ആരോപണങ്ങങ്ങളുമൊക്കെ ജൽജീവന്‍ മിഷന്റെ മുന്നോട്ടുപോക്കിനെ ബാധിച്ചിട്ടുള്ളതായി ആക്ഷേപങ്ങളുണ്ടെങ്കിലും പദ്ധതിയുടെ കാലാവധി നീട്ടുന്നതായാണറിയുന്നത്.
കുട്ടനാട്ടിലെ പഞ്ചായത്തുകള്‍ പദ്ധതിയില്‍ നിന്നും ഒഴിവാക്കപ്പെടാനിടയായ കാരണങ്ങളെക്കുറിച്ച് അന്വേഷിച്ച് ഉത്തരവാദികള്‍ക്കെതിരേ നടപടികളെടുക്കുന്ന കാര്യത്തില്‍ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളുമൊക്കെ നിലപാടു വ്യക്തമാക്കാത്തതില്‍ നാട്ടുകാര്‍ക്ക് അമര്‍ഷമുണ്ട്.
പ്രാദേശിക പ്രത്യേകതകള്‍ക്കനുസൃതമായി ജൽജീവന്‍ പദ്ധതി പുനഃക്രമീകരിച്ചു പരമാവധി കുട്ടനാടന്‍ പ്രദേശങ്ങള്‍ക്കു പ്രയോജനപ്പെടുംവിധം നടപ്പാക്കുന്നതിനാവശ്യമായ ആത്മാര്‍ഥമായ ശ്രമങ്ങളുണ്ടാകണമെന്നാണ് നാട്ടുകാരിപ്പോള്‍ ആവശ്യപ്പെടുന്നത്.