വിശ്വാസം സംരക്ഷിക്കുകയും കൈമാറ്റം ചെയ്യപ്പെടുകയും വേണം: മാര്‍ ആലഞ്ചേരി
1514852
Sunday, February 16, 2025 11:53 PM IST
എടത്വ: വിശ്വാസം സംരക്ഷിക്കപ്പെട്ടാല്‍ മാത്രം പോരാ പുതിയ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും വേണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. പച്ച ചെക്കടിക്കാട് ലൂര്‍ദ് മാതാ പള്ളിയില്‍ ലൂര്‍ദ് മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് കുര്‍ബാനമധ്യേ നടത്തിയ പ്രസംഗത്തിലാണ് വിശ്വാസികളെ ഇപ്രകാരം ആഹ്വാനം ചെയ്തത്.
100 വര്‍ഷം മുമ്പ് പൂര്‍വികര്‍ പണിത ദേവാലയത്തില്‍ അതേ തീഷ്ണതയോടെ പുതിയ തലമുറ വിശ്വാസത്തോടെ കടന്നുവരുമ്പോഴാണ് വിശ്വാസം കൈമാറ്റം നടക്കുന്നത്. വിശ്വാസം കൈമാറാന്‍ ഓരോ വിശ്വാസിക്കും കടമയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈകുന്നേരം നാലിന് പള്ളിക്ക് ചുറ്റുമായി നടന്ന തിരുനാള്‍ പ്രദക്ഷിണത്തിന് ഫാ. ജയിംസ് കുടിലില്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് വികാരി ഫാ. ജോസഫ് ചൂളപ്പറമ്പില്‍ കൊടിയിറക്കി. രാവിലെ നടന്ന റാസാ കുര്‍ബാനയ്ക്ക് ഫാ. ജോസഫ് വേലങ്ങാട്ടുശേരി കാര്‍മികത്വം വഹിച്ചു.