സ്വകാര്യബസുകളുടെ നിയമലംഘനങ്ങള്‍ തകൃതി
1514851
Sunday, February 16, 2025 11:53 PM IST
പൂച്ചാക്കല്‍: നിയമം തെറ്റിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കുന്നുണ്ടെ ന്ന് മോട്ടോര്‍ വാഹന അധികൃതര്‍ അവകാശപ്പെടുമ്പോഴും സ്വകാര്യ ബസുകള്‍ അതെ കുറ്റങ്ങള്‍ ആവര്‍ത്തിക്കുന്നു. ചേര്‍ത്തല - അരൂക്കുറ്റി റൂട്ടില്‍ ഓടുന്ന ഭൂരിഭാഗം ബസുകളും തോന്നുംപടിയാണ് സര്‍വീസ് നടത്തുന്നത്. രാവിലെ ആരംഭിക്കുന്ന സര്‍വീസുകളില്‍ പല ബസുകളും എല്ലാ സര്‍വീസുകളും നടത്തുന്നില്ല. ഉച്ചസമയങ്ങളില്‍ ചില ബസുകള്‍ സര്‍വീസ് നടത്താതെ സ്റ്റാൻഡില്‍നിന്നു മാറ്റിയിടുകയാണ് ചെയ്യുന്നത്. സര്‍വീസ് നടത്തുന്ന ബസുകള്‍ ആകട്ടെ എല്ലാ സ്റ്റോപ്പുകളിലും കൃത്യമായി നിര്‍ത്തുന്നുമില്ല.
യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും
നടുറോഡില്‍
ബസ് സ്റ്റോപ്പുകളില്‍ യാത്രക്കാര്‍ക്ക് അപകടം ക്ഷണിച്ചുവരുത്തുംവിധം നടുറോഡിലാണ് പല ബസുകളും നിര്‍ത്തുന്നത്. യാതൊരുവിധ സുരക്ഷയും പാലിക്കാതെയാണ് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നത്. വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും നടുറോഡിലാണ്. രാവിലെയും വൈകുന്നേരങ്ങളിലുമാണ് കൂടുതലും ബസുകള്‍ തിരക്ക് കൂട്ടുന്നതും റോഡില്‍ മധ്യത്തില്‍ നിര്‍ത്തുന്നതും. ബസ് സ്റ്റോപ്പുകളില്‍ ഒതുക്കി നിര്‍ത്തിയാല്‍ പിന്നിലെ വാഹനങ്ങള്‍ മറികടക്കും. അത് തടയാനാണ് ബസുകള്‍ മിക്കതും നടുറോഡില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. റോഡിന്റെ മധ്യത്തില്‍ ബസുകള്‍ ക്രമരഹിതമായി നിര്‍ത്തുന്നതാണ്. പല സ്ഥലങ്ങളിലും ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന പ്രധാന കാരണം.
ചേര്‍ത്തല അരൂക്കുറ്റി റോഡില്‍ നിയുക്ത ബസ് സ്റ്റോപ്പുകള്‍ ഉണ്ടെങ്കിലും ബസുകള്‍ അത്തരം സ്ഥലങ്ങളില്‍ നിര്‍ത്താറില്ല. ബസുകള്‍ മൂലമുണ്ടാകുന്ന ഇത്തരം ഗതാഗതക്കുരുക്ക് ഒരു പേടി സ്വപ്നമാണെന്ന് എല്ലാ ദിവസവും ഇത് നേരിടേണ്ടിവരുന്ന യാത്രക്കാര്‍ പറയുന്നു.
വിദ്യാര്‍ഥികളെ
കയറ്റുന്നില്ല
ബസുകള്‍ സ്റ്റോപ്പില്‍നിന്നു
വിദ്യാര്‍ഥികളെ കയറ്റാതെ സര്‍വീസ് നടത്തുന്നതായി വിദ്യാര്‍ഥികളുടെയും സ്കൂള്‍ അധികൃതരുടെയും പരാതി ഉണ്ട്. ചേര്‍ത്തല അരൂക്കുറ്റി റോഡിന്റെ വശങ്ങളില് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണുള്ളത്. ബസ് കാത്ത് രാവിലെയും വൈകിട്ടും പല സ്റ്റോപ്പുളിയും നൂറോളം വിദ്യാര്‍ഥികള്‍ ഉണ്ടാകും. കൂടുതല്‍ വിദ്യാര്‍ഥികളെ കണ്ടാല്‍ സ്റ്റോപ്പില്‍നിന്ന് അകലെയാണ് യാത്രക്കാരെ ഇറക്കാന്‍ ബസ് നിര്‍ത്തുന്നത്. ബസില്‍ കയറിപ്പറ്റാന്‍ നടുറോഡിലേക്ക് ഓടണം .പിന്നില്‍നിന്ന് വാഹനങ്ങള്‍ വരുമോയെന്ന പേടിയോടയാണ് ഈ സാഹസം. ബസ് ജീവനക്കാര്‍ക്ക് തീരെ സമയമില്ലെന്നാണ് പറയുന്നത്. ബസ് നടുറോഡില്‍ നിര്‍ത്തുമ്പോള്‍ പലരും ഓടിക്കയറുകയാണ് ചെയ്യുന്നത്. വിദ്യാര്‍ഥികള്‍ സ്റ്റോപ്പുകളിലുണ്ടെങ്കില് നിര്‍ത്താതെ പോകുന്നതും ദൂരെ മാറ്റി നിര്‍ത്തുന്നതും ഈ റൂട്ടില്‍ പതിവാണ്.
റോഡില്‍ സുരക്ഷാ
ക്രമീകരണങ്ങളില്ല
റോഡില്‍ വാഹനങ്ങളുടെ തിരക്ക് വര്‍ധിച്ചിട്ടും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലാത്തതും അപകടങ്ങള്‍ കൂടാന്‍ കാരണമാകുന്നുണ്ട്. ചേര്‍ത്തല - അരൂക്കുറ്റി റോഡിന്റെ വശങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവിടങ്ങളില്‍ ട്രാഫിക് സിഗ്നലുകളോ പോലീസ് സഹായവും ഇല്ലാത്ത സ്ഥിതിയാണ്. തിരക്ക് കൂടുതലുള്ള സ്കൂളിന് സമീപത്തെ റോഡില്‍ രാവിലെയും വൈകുന്നേരവും പോലീസിനെ നിര്‍ത്തണമന്നാണ് നാട്ടുകാരുടെ ആവശ്യം.