ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പുനരുദ്ധാരണവും പള്ളിയോടം നവീകരണവും: പുണ്യമണിഞ്ഞ് ചെന്നിത്തല
1514791
Sunday, February 16, 2025 1:58 PM IST
ചെന്നിത്തല: ഐതിഹ്യപെരുമയുളള അണക്ളാട്ട്മഠം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് പുനര്‍ജനി. ക്ഷേത്രത്തിന്റെ പുനരുത്ഥാന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വില്വംമംഗലത്ത് സ്വാമിയാരാല്‍ പൂജിതമായെന്ന് കരുതുന്ന ശ്രീകൃഷ്ണസ്വാമി വിഗ്രഹം നൂറ്റാണ്ടുകളുടെ പഴക്കമാണുളളത്. ദേശത്തിന്റെ ഐശ്വര്യമൂര്‍ത്തിയായ ശ്രീകൃഷ്ണസ്വാമിക്കൊപ്പം ശിവന്, ഭഗവതി, ഗണപതി എന്നീ ഉപദേവതാ സാന്നിധ്യവുമുണ്ട്. കൂടാതെ രക്ഷസിനെ പ്രത്യേകമായും പ്രതിഷ്ഠിച്ചിട്ടുണ്ട്.
ക്ഷേത്ര നവീകരണത്തിന്റെ തുടക്കമായി ആദ്യം ശ്രീകോവില്‍ പുനര്‍നിര്‍മാണം രണ്ടു മാസം മുമ്പ് പൂര്‍ത്തിയാക്കിയിരുന്നു. അതിനുശേഷമാണ് വിപുലമായ നിര്‍മാണത്തിലേക്ക് കടന്നതെന്ന് കുടുംബയോഗം ഭാരവാഹികളായ കെ.ജി. ശ്രീകുമാര്‍, എസ്. സനില്‍കുമാര്‍, ചാന്ദ്നി എന്നിവര്‍ അറിയിച്ചു.
ശ്രീകോവിലിനു ചുറ്റുമുളള നിര്‍മാണങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കുടുംബാംഗമായ വിഷ്ണു കണ്ടിയൂര്‍ അറിയിച്ചു. ക്ഷേത്രപ്പണിയില് വിദഗ്ധരാണ് തച്ചുശാസ്ത്രപ്രകാരം നവീകരിക്കുന്നത്. മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയാകും. നൂറ്റാണ്ടുകൾ പഴക്കമുള്ള ചതുര കിണറാണ് ക്ഷേത്രാങ്കണത്തിലെ ആകർഷണം. ചരിത്രശേഷിപ്പായ ഇതും വൃത്തിയാക്കി നവീകരിക്കുന്നുണ്ട്.
അതിനിടെ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര നവീകരണത്തിന് സമീപമുളള അണക്ളാട്ടുമഠം പുരയിടത്തില്‍ ചെന്നിത്തല പള്ളിയോടത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്. പ്രത്യേകം തയാറാക്കിയ പള്ളിയോടപ്പുരയിലാണ് പുതുക്കിപ്പണിയുന്നത്.
ചെന്നിത്തല തെക്ക് 93-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ചെന്നിത്തല പള്ളിയോടം. ആചാരങ്ങള്‍ പാലിച്ച് വ്രതവിശുദ്ധിയോടെയാണ് പള്ളിയോടം പണിയുന്നത്.