പ്രവര്‍ത്തനസജ്ജമാകാതെ മാവേലിക്കര പൊതുശ്മശാനം
1574930
Saturday, July 12, 2025 12:10 AM IST
മാവേലിക്കര: ഭൂരഹിതരുടെയും പരിമിത ഭൂമിയുള്ളവരുടെയും പൊതുശ്മശാനം വേണമെന്ന പതിറ്റാണ്ടുകളുടെ ആവശ്യത്തെത്തുടര്‍ന്നാണ് രണ്ടു പതിറ്റാണ്ട് മുന്‍പ് മാവേലിക്കരയില്‍ വാതകശ്മശാനം സ്ഥാപിക്കുന്നത്. എന്നാല്‍, തുടക്കത്തില്‍ വിരലിലെണ്ണാവുന്ന മൃതദേഹങ്ങൾ സംസ്കരിച്ച ശേഷം പിന്നീട് അതിന്റെ സുഗമമായ പ്രവര്‍ത്തനം ഉണ്ടായിട്ടേയില്ല. ബജറ്റ് പുസ്തകത്തിലെ പാലിക്കാന്‍ സാധിക്കാത്ത ഒരു വാഗ്ദാനമായി അത് ഇന്നും തുടരുന്നു.
2005ല്‍ എംഎല്‍എയായിരുന്ന എം. മുരളിയുടെ പ്രദേശിക വികസനഫണ്ടും നഗരസഭയുടെ പദ്ധതി വിഹിതവും ചേര്‍ത്താണ് 14 ലക്ഷം രൂപ മുടക്കി കണ്ടിയൂര്‍ കാളച്ചന്തയില്‍ വാതകശ്മശാനം നിര്‍മിക്കാന്‍ ആരംഭിച്ചു. 2008ല്‍ ശ്മശാനം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. എന്നാല്‍, എട്ടു മൃതദേഹങ്ങള്‍ മാത്രമാണ് ഇവിടെ സംസ്കരിക്കാനായത്. വൈദ്യുതിബന്ധം ഇടയ്ക്ക് മുടങ്ങുന്നതായിരുന്നു ശ്മശാനത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചത്.
പ്രശ്നപരിഹാരം
മൃതദേഹങ്ങള്‍ സംസ്കരിക്കുമ്പോള്‍ വൈദ്യുതി ലഭിക്കാതെയാകുകയും പകുതി കരിഞ്ഞവ പുറത്തേക്കെടുത്ത് കത്തിക്കേണ്ട അവസ്ഥവരെ ഉണ്ടായി. ഇങ്ങനെ പ്രവര്‍ത്തനം നിലച്ച ശ്മശാനം പിന്നീട് നഗരസഭ ജനറേറ്റര്‍ സ്ഥാപിച്ച് വീണ്ടും തുറന്നു. എന്നാല്‍, അധികകാലം പ്രവര്‍ത്തനം മുന്നോട്ടു പോയില്ല. പുകക്കുഴലായിരുന്നു അടുത്ത വില്ലന്‍. പുകക്കുഴലില്‍നിന്ന് പുക പുറത്തേക്കു പോകാതെ ചൂള പ്രവര്‍ത്തിക്കുന്ന മുറിയില്‍ തുങ്ങിനിറഞ്ഞു തുടങ്ങിയതോടെ വീണ്ടും പ്രവര്‍ത്തനം നിശ്ചലമായി.
വര്‍ഷങ്ങള്‍ കഴിഞ്ഞ നഗരസഭാ ഭരണസമിതി പ്രശ്നം പരിഹരിക്കാനായി വകയിരുത്തി. എന്നാല്‍, നാളിതുവരെ പ്രശ്നപരിഹാരം ഉണ്ടായതേയില്ല. നിലവില്‍ നഗരസഭാ പ്രദേശത്ത് പൊതുശമശാനങ്ങളില്ലാത്തതിനാല് ഭൂരഹിതരും പരിമിത ഭൂമിയുളളവരും വലിയ ദുരിതത്തിലാണ്. പരിമിത ഭൂമിയുള്ളവരില്‍ പലരും വീടിന്റെ ചില ഭാഗങ്ങള്‍ ഇളക്കിമാറ്റിയും വഴിയിലും മൃതസംസ്കാരങ്ങള്‍ നടത്തിയ നിരവധി സംഭവങ്ങള്‍ മാവേലിക്കരയില്‍ ഉണ്ടായിട്ടുണ്ട്.
ഉറ്റവരുടെ മൃതദേഹം
ഭൂരഹിതര്‍ തങ്ങളുടെ ഉറ്റവരുടെ മൃതദേഹം സംസ്കരിക്കാനായി അന്യനാടുകളിലേക്കു വരെ കൊണ്ടുപോകേണ്ട അവസ്ഥയാണ് മാവേലിക്കരയിലുള്ളത്. വാതകശ്മശാനത്തിന് തൊട്ടടുത്തുള്ള കാളച്ചന്തയിലെ ശ്മശാനത്തില്‍ കണ്ടിയൂര്‍ പ്രദേശത്തുള്ളവരുടെ മൃതദേഹം സംസ്കരിക്കാന്‍ മാത്രമാണ് അനുവാദവുമുള്ളത്.
പതിവുപോലെ ബജറ്റില്‍ മാത്രം കാണുന്ന ഒരു വാഗ്ദാനമായി ശ്മശാനം മാറാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എല്ലാ വര്‍ഷത്തെയും ബജറ്റ്പുസ്തകത്തില് അധികൃതര്‍ ശ്മശാനത്തിനായി തുക നീക്കിവയ്ക്കാറുമുണ്ട്. ഈ വര്‍ഷത്തെ ബജറ്റിലും ശ്മശാനം പ്രവര്‍ത്തന സജ്ജമാക്കി നവീകരിക്കുവാന്‍ 20 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.
എന്നാല്‍, ഇനി ചുരുങ്ങിയ മാസങ്ങള്‍ മാത്രം കാലാവധിയുള്ള ഭരണസമിതി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ പോലും നടത്തിയിട്ടില്ലെന്നാണ് പൊതുജനങ്ങളുടെ ആരോപണം. വിഷയം ഉന്നയിച്ച് വിവിധ സാംസ്കാരിക-സാമുദായിക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. താത്കാലികമായി ഗ്യാസ് കൊണ്ട് പ്രവര്‍ത്തിപ്പാക്കാവുന്ന ശ്മശാനമെങ്കിലും ഉടന്‍ സജ്ജാകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.