വണ്ടാനം മെഡിക്കൽ കോളജാശുപത്രിയിൽ ഹൈഡ്രോളിക് സ്ട്രെക്ചറുകൾ കാഴ്ചവസ്തു
1574924
Saturday, July 12, 2025 12:10 AM IST
അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൈഡ്രോളിക് സ്ട്രെക്ചറുകൾ കാഴ്ച വസ്തുക്കളായി മാറുന്നു. അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. പതിനായിരക്കണക്കിന് രൂപ വിലയുള്ള ഇത്തരം സ്ട്രെക്ച്ചറുകൾ നിസാര തകരാറ് സംഭവിക്കുമ്പോൾത്തന്നെ ആശുപത്രിയുടെ മൂലയിൽ തട്ടുകയാണ്. അത്യാസന്നനിലയിലായ രോഗികൾക്ക് ഡ്രിപ്പിടാനും ആവശ്യാനുസരണം ഉയർത്താനും താഴ്ത്താനും സൗകര്യമുള്ള ഹൈഡ്രോളിക് സ്ട്രെക്ചറുകൾ ആശുപത്രിയിൽ നിരവധിയുണ്ട്.
എന്നാൽ, ആശുപത്രിയിലെത്തുന്ന സാധാരണ രോഗികൾക്ക് പ്രയോജനമാകുന്ന തരത്തിൽ ഉപയോഗപ്പെടുത്താൻ അധികൃതരും ജീവനക്കാരും തയാറായിട്ടില്ല.
നിസാര തകരാറ് സംഭവിക്കുന്ന ഇത്തരം സ്ട്രെക്ചറുകളുടെ തകരാറ് പരിഹരിക്കുന്നതിനു പകരം ഇവ നീക്കംചെയ്ത് പുതിയത് വാങ്ങാനാണ് ആശുപത്രി അധികൃതർക്ക് താത്പര്യം. സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ ഇതു പരിഹരിക്കാൻ ഇടപെടാറില്ല. പുതിയവ വാങ്ങുന്നതിലെ കമ്മീഷനിലാണ് അധികൃതരുടെ കണ്ണ്. തകരാറ് സംഭവിക്കുന്ന വില കൂടിയ ഇത്തരം സ്ട്രക്ചറുകൾ പിന്നീട് ആക്രിവിലയ്ക്ക് കൊടുക്കുകയാണ് പതിവ്.