കോന്നിയിൽ ബൈക്കിൽ കാറിടിച്ച് അപകടം: രണ്ടു മാധ്യമപ്രവർത്തകർക്കു പരിക്ക്
1574926
Saturday, July 12, 2025 12:10 AM IST
ചെങ്ങന്നൂർ: കോന്നിയിലെ പാറമടയുടെ പ്രവർത്തനം നിർത്തണമെന്നാവശ്യപ്പെട്ട് പാറമടയ്ക്കു മുന്നിൽ നടന്ന ധർണയുടെ വാർത്ത ശേഖരിച്ച് ചെങ്ങന്നൂരിലേക്കു മടങ്ങുകയായിരുന്ന മാധ്യമപ്രവർത്തകർ സഞ്ചരിച്ച ബൈക്കിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. എസിവി റിപ്പോർട്ടർ മഞ്ചീഷ് കുമാർ, കേരളവിഷൻ ചാനൽ റിപ്പോർട്ടർ ലിബിൻ എബ്രഹാം എന്നിവർക്കാണ് പരിക്കേറ്റത്.
ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡരികിലെ കാനയിലേക്കു തെറിച്ചുവീഴുകയായിരുന്നു. വീഴ്ചയിൽ ലിബിനും മഞ്ചീഷിനും കൈക്കും കാലിനും പരിക്കേറ്റു. ലിബിന്റെ കാലിനാണ് ഗുരുതരമായ പരിക്ക്. അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയെങ്കിലും നാട്ടുകാരുടെയും പോലീസിന്റെയും സമയോചിതമായ ഇടപെടൽ കാരണം പരിക്കേറ്റവരെ ഉടൻതന്നെ കോന്നി മെഡിക്കൽ കോളജിൽ എത്തിച്ചു.
കോന്നി മെഡിക്കൽ കോളജിൽ പ്രാഥമികചികിത്സ നൽകിയ ശേഷം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി ഇരുവരെയും കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിന് ശേഷം നിർത്താതെ പോയ കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോന്നി പോലീസ് കല്ലിശേരിയിലെ ആശുപത്രിയിലെത്തി മാധ്യമപ്രവർത്തകരുടെ മൊഴികൾ രേഖപ്പെടുത്തി. അപകടത്തിനു പിന്നിൽ ഏതെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.