കാൽനടയാത്രക്കാർക്ക് അപകടഭീഷണി
1574929
Saturday, July 12, 2025 12:10 AM IST
കായംകുളം: കരിപ്പുഴ തോടിനു കുറുകെ ഏവുർ- മുട്ടം റോഡിൽ മത്സ്യമാർക്കറ്റിനു സമീപം മുട്ടം ബസാർ പാലം നവീകരണം കഴിഞ്ഞപ്പോൾ യാത്രക്കാർക്ക് അപകടഭീഷണി. പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള നടപ്പാതകൾ ഉയർത്തിയതോടെ പാലത്തിന്റെ കൈവരിയും നടപ്പാതയും തമ്മിലുള്ള ഉയരം ഗണ്യമായി കുറഞ്ഞതാണ് അപകടഭീഷണി ഉയർത്തുന്നത്.
കായംകുളം പട്ടണത്തിലൂടെ യാത്രചെയ്യുന്നവർ കരിപ്പുഴ തോട്ടിലേക്കു വീഴുമോ എന്ന ആശങ്കയിലാണ്. നട പ്പാതയിൽനിന്ന് ഏകദേശം ഒരടി ഉയരമാണ് കൈവരിക്കുള്ളത്. കാൽനടയാത്രക്കാരെയാണ് ഇതു ഗുരുതരമായി ബാധിക്കുന്നത്. നടപ്പാതയുടെ ഉയരം കൂട്ടിയതനുസരിച്ച് മുകളിലെ കൈവരിയുടെയും ഉയരം കൂട്ടേണ്ടതായിരുന്നു. അശാസ്ത്രീയമായ നിർമാണ പ്രവർത്തനമാണ് അപകടസാധ്യത വർധിപ്പിച്ചത്. വലിയ അഴീക്കൽ പൊഴിയുമായി ബന്ധിച്ചുകിടക്കുന്ന കരിപ്പുഴ തോടിനു കുറുകെയുള്ള നഗരത്തിലെ വളരെ പ്രധാനപ്പെട്ട പാലമാണിത്. പൊതുമരാമത്ത് വകുപ്പാണ് പാലം നവീകരിച്ചത്.
പാലത്തിന്റെ ഇരുവശങ്ങളിലും മുമ്പുണ്ടായിരുന്ന നടപ്പാത തകർന്ന് കാൽനട യാത്രപോലും ദുഷ്ക്കരമായതിനെത്തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് ഇപ്പോൾ പാലം നവീകരിച്ചത്. നടപ്പാതയിൽ നിരത്തിയിരിക്കുന്ന സ്ലാബുകൾ നിരപ്പല്ലാത്തതു മൂലം യാത്രക്കാർ തട്ടിവീഴാനുള്ള സാധ്യതയും ഏറെയാണ്. പാലത്തിന്റെ കൈവരികൾ ഉയർത്തിയും നടപ്പാതയിലെ സ്ലാബുകൾ നിരപ്പാക്കിയും അപകടഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.