ചേർത്തല സഹകരണബാങ്ക് നവീകരിച്ച ഓഫീസ് ഉദ്ഘാടനം ഇന്ന്
1512146
Friday, February 7, 2025 11:48 PM IST
ചേർത്തല: ചേർത്തല സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഓഫീസ് ഇന്നു 12ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി പി. പ്രസാദ് അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ. നാസർ സ്ട്രോംഗ്റൂം ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപറേഷൻ ചെയർമാൻ കെ. പ്രസാദ് നിക്ഷേപം സ്വീകരിക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ് സേഫ് ഡെപ്പോസിറ്റ് ലോക്കറും മുൻ എംപി എ.എം. ആരിഫ് കോൺഫറൻസ് ഹാളും നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ പ്രതിമാസ സമ്പാദ്യപദ്ധതിയും ഉദ്ഘാടനംചെയ്യും. സംസ്ഥാന കാർഷിക ഗ്രാമവികസനബാങ്ക് പ്രസിഡന്റ് സി.കെ. ഷാജിമോഹൻ ഗുരുദേവചിത്രം അനാച്ഛാദനംചെയ്യും.
സഹകരണ ജോയിന്റ് രജിസ്ട്രാർ വി.കെ. സുബിന സ്വയംസഹായ ഗ്രൂപ്പുകൾക്ക് വായ്പ വിതരണംചെയ്യും. സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി സെക്രട്ടറി ബി. വിനോദ് കൗണ്ടർ ഉദ്ഘാടനം ചെയ്യും. നഗരമധ്യത്തിൽ സ്വന്തം 40 സെന്റ് ഭൂമിയിൽ ഇരുനിലക്കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്കാണ് ബാങ്ക് ഓഫീസ് മാറുന്നത്.
ആധുനിക സൗകര്യങ്ങളോടെയാണ് ഓഫീസ് സജ്ജമാക്കിയത്. 22 കോടി നിക്ഷേപവും അത്രതന്നെ വായ്പയും ഉണ്ട്.
പത്രസമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് പി.എം. പ്രവീൺ, ഭരണസമിതി അംഗങ്ങളായ ഡി.ബാബു, ടി.പി. നാസർ, എസ്. ശ്രീനിവാസൻ, സെക്രട്ടറി ഇൻ ചാർജ് എ.ടി. ചന്ദ്രബാബു എന്നിവർ പങ്കെടുത്തു.