ബജറ്റ്: പോരാട്ടം ശക്തമാക്കും - നെൽകർഷക സംരക്ഷണ സമിതി
1512144
Friday, February 7, 2025 11:48 PM IST
മങ്കൊമ്പ്: ഉത്പാദനച്ചെലവിന് ആനുപാതികമായി 40 രൂപയായി നെൽവില ഉയർത്തണമെന്നാവശ്യപ്പെട്ട് കേരളമെമ്പാടുമുള്ള നെൽകർഷകർ സങ്കുചിത കക്ഷിരാഷ്ട്രീയത്തിനതീതമായി സെക്രട്ടേറിയറ്റ് നടയിൽ നിരാഹാര സമരമടക്കം നടത്തിയിട്ടും ബജറ്റിൽ വില വർധിപ്പിക്കാത്ത പിണറായി സർക്കാരിനെതിരേ കർഷകരോഷമുണരുന്നു. കഴിഞ്ഞ നാലു വർഷങ്ങളിലായി കേന്ദ്ര ഗവൺമെന്റ് വർധിപ്പിച്ച നെല്ലിന്റെ താങ്ങുവില നിഷേധിക്കപ്പെടുന്ന കർഷകർ, ബജറ്റിനെ വളരെ പ്രതീക്ഷയോടുകൂടിയാണ് നോക്കിക്കണ്ടത്.
കഴിഞ്ഞ ദിവസം വർധിപ്പിച്ച ഐആർസി തീരുമാനപ്രകാരമുള്ള കൂലി വർധനവ് താങ്ങാനാവാതെ നട്ടംതിരിയുകയാണ്. നെൽവില ഉയർത്തിയില്ലെന്ന് മാത്രമല്ല, ഭൂമിയുടെ അടിസ്ഥാന നികുതി വർധിപ്പിക്കുകകൂടി ചെയ്തപ്പോൾ, കർഷകർക്ക് ഇരുട്ടടികൂടി സമ്മാനിച്ചിരിക്കുകയാണ്.
ബജറ്റിൽ നെൽകർഷകരെ അവഗണിച്ചതിൽ പ്രതിഷേധിച്ച് ഇന്നലെ വൈകുന്നേരം പാഡി മാർക്കറ്റിംഗ് ഓഫീസിനു മുന്നിൽ ബജറ്റിന്റെ കോപ്പി കത്തിച്ച് കർഷകർ പ്രതിഷേധിച്ചു. സംസ്ഥാന പ്രസിഡന്റ് റജീന അഷ്റഫ് സമരം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലാലിച്ചൻ പള്ളിവാതുക്കൽ അധ്യക്ഷത വഹിച്ചു.