നെഹ്റു ട്രോഫി: മന്ത്രിയുടെ ഉറപ്പ് പാഴായി; ഇതുവരെ ഗ്രാന്‍ഡ് ലഭിച്ചില്ല
1460488
Friday, October 11, 2024 5:49 AM IST
ആലപ്പുഴ: നെഹ്റു ട്രോഫി കഴിഞ്ഞിട്ട് രണ്ടാഴ്ചയായിട്ടും വിനോദ സഞ്ചാരവകുപ്പ് പ്രഖ്യാപിച്ച ഗ്രാന്‍ഡ് ലഭിച്ചില്ല. പണം ലഭിക്കാതെ വന്നതോടെ വള്ളങ്ങള്‍ക്കുള്ള ബോണസ് വിതരണവും ഇതുവരെ പൂര്‍ത്തിയായില്ല. എപ്പോള്‍ ചോദിച്ചാലും പണം നല്‍കുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. എന്നാല്‍, മന്ത്രിയുടെ വാഗ്ദാനം വെറും പാഴ്വാക്കായി.
ബോണസ് പൂര്‍ണമായി കിട്ടാത്തതിനാല്‍ തുഴച്ചിലുകാര്‍ക്കുള്ള കൂലി പോലും നല്‍കാനാകാത്ത സ്ഥിതിയിലാണു പല ക്ലബ്ബുകളും. പലിശയ്ക്കു പണം വാങ്ങി മത്സരത്തിനു തയാറെടുത്തവരും കടം വീട്ടാനാകാതെ പ്രതിസന്ധിയിലാണ്.
നെഹ്റു ട്രോഫി, ചാംപ്യന്‍സ് ബോട്ട് ലീഗിന്റെ ഭാഗമല്ലെങ്കില്‍ വള്ളങ്ങള്‍ക്കുള്ള ബോണസ് ഇനത്തില്‍ 62 ലക്ഷത്തോളം രൂപ എന്‍ടിബിആര്‍ സൊസൈറ്റി അധികമായി നല്‍കേണ്ടി വരും. സിബിഎല്‍ നടത്തുന്നില്ലെങ്കില്‍ ഒരു കോടി ഗ്രാന്റിനു പുറമേ അധിക ധനസഹായം ലഭ്യമാക്കണമെന്നും എന്‍ടിബിആര്‍ സൊസൈറ്റി വിനോദ സഞ്ചാര വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.