വീസ തട്ടിപ്പ്: യുവതി തൂങ്ങിമരിച്ചു; ഭർത്താവ് ആത്മഹത്യാശ്രമം നടത്തി
1459414
Monday, October 7, 2024 4:14 AM IST
എടത്വ: വീസ തട്ടിപ്പിനിരയായ യുവതി തൂങ്ങിമരിച്ചു. ഭാര്യയുടെ വിയോഗം താങ്ങാനാവാതെ ഭർത്താവ് ആത്മഹത്യാശ്രമം നടത്തിയെങ്കിലും പോലീസിന്റെ സമയോചിതമായ ഇടപെടലിൽ രക്ഷപ്പെട്ടു. തലവടി മാളിയേക്കൽ ശരണ്യ(34)യാണ് തൂങ്ങിമരിച്ചത്.
ശനിയാഴ്ച വൈകിട്ടാണ് സംഭവം. വിദേശത്ത് ജോലിനോക്കിവരികയായിരുന്ന ശരണ്യ നാട്ടിലെത്തിയ ശേഷം പുതിയ വീസയിൽ വിദേശത്തേക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു. പാലാ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യക്തിക്കു വിസയ്ക്കും വിമാനയാത്രാ ടിക്കറ്റിനുമുള്ള പണം കൈമാറിയിരുന്നതായി നാട്ടുകാർ പറയുന്നു.
വിദേശത്തേക്കു പോകാനുള്ള വസ്ത്രങ്ങൾവരെ പായ്ക്കുചെയ്ത ശേഷമാണ് വീസ തട്ടിപ്പ് അറിയുന്നത്. ഇതിൽ മനംനൊന്ത ശരണ്യ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നെന്നാണ് സൂചന. ഓടിക്കൂടിയ നാട്ടുകാർ ശരണ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തി ശരണ്യയുടെ ഭർത്താവിനോട് വിവരങ്ങൾ അന്വേഷിച്ചറിഞ്ഞു.
പോലീസ് നാട്ടുകാരുമായി ആശയവിനിമയം നടത്തുന്നതിനിടെ ശരണ്യയുടെ ഭർത്താവ് അരുൺ വീടിന്റെ വാതിൽ പൂട്ടിയ ശേഷം കഴുത്തിൽ കുടുക്കിട്ട് തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് വാതിൽ തകർത്ത് അകത്തുകടന്ന ശേഷം കുടുക്ക് അറുത്തുമാറ്റി ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷപ്പെട്ടു.
ഏഴു വർഷം മുൻപ് വിവാഹിതരായെങ്കിലും ഇവർക്കു മക്കളില്ല. ശരണ്യയുടെ സംസ്കാരം ഇന്നു രാവിലെ പത്തിന് വീട്ടുവളപ്പിൽ. പാലാ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏജന്റ് തലവടിയിലെ പലരുടെ കൈയിൽനിന്നും വിസയ്ക്ക് പണം വാങ്ങിയതായും സൂചനയുണ്ട്. ഏജൻസിയെക്കുറിച്ച് കൂടുതൽ അന്വഷണം എടത്വ പോലീസ് നടത്തിവരുകയാണ്. എസ്ഐ എൻ. രാജേഷിനാണ് അന്വഷണച്ചുമതല.