പാതിരാമണലിൽ പരാധീനതകൾ ബാക്കി; ഉല്ലാസത്തിനെത്തുന്നവർക്കു നിരാശ
1453661
Tuesday, September 17, 2024 12:07 AM IST
മുഹമ്മ: ആലപ്പുഴയുടെ ടൂറിസം വികസനത്തിൽ തിലകക്കുറിയാകേണ്ട പാതിരാമണൽ ദ്വീപിൽ ഓണവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ നടത്തിയില്ലെന്നു പരാതി. ഓണനാളുകളിൽ എല്ലാ വർഷവുമെന്നപോലെ ഇത്തവണയും ടൂറിസ്റ്റുകൾ എത്തുന്നുണ്ടെങ്കിലും ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനുള്ള നടപടികളൊന്നുമില്ല.
എംപി ഫണ്ടിൽപ്പെടുത്തി എ. എം. ആരീഫ് അനുവദിച്ച തുക കൊണ്ട് നിർമിക്കുന്ന കുട്ടികളടെ പാർക്കിന്റെ പണികൾ അന്തിമഘട്ടത്തിലാണ്. മോഷ്ടാക്കളടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം മുന്നിൽ കണ്ട് കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല.
ദ്വീപിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ നടപടിയെടുക്കുമെന്ന അധികാരികളടെ ഉറപ്പ് പാലിക്കപ്പെടുന്നില്ല. ബോട്ടുജെട്ടികളുടെ നവീകരണം, വിശ്രമകേന്ദ്രങ്ങൾ, ഭക്ഷണശാലകൾ, കായിപ്പുറം ബോട്ടുജെട്ടിയുടെ സൗന്ദര്യവത്കരണം തുടങ്ങിയ പദ്ധതികളാണ് പൂവണിയാനുള്ളത്.
ദീപിലേക്കുള്ള മുഖ്യ പ്രവേശന കവാടമായ കായിപ്പുറം ജെട്ടി മുതൽ കൊച്ചനാകുളങ്ങര വരെയുള്ള ഭാഗങ്ങളിൽ വിഥികൾക്കിരുപുറവും പൂച്ചെടികൾ വച്ചുപിടിപ്പിക്കുന്ന ജോലികൾ നടന്നിട്ടുണ്ട്. കരമാർഗം എത്തുന്ന സഞ്ചാരികളെ കൂടാതെ കുമരകം, ആലപ്പുഴ മേഖലകളിൽനിന്ന് ജലയാനങ്ങളിലൂടെയും ഒട്ടേറെ വിനോദ സഞ്ചാരികൾ പാതിരാമണലിൽ എത്തുന്നുണ്ട്. അവധി ദിവസങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മഴ വന്നാൽ കയറി നിൽക്കുന്നതിനുള്ള ഷെൽട്ടറുകൾ നിലവിലില്ല.
ബോട്ടുകളും ഹൗസ്ബോട്ടുകളും നിരന്തരം വരുന്നുണ്ടെങ്കിലും ദ്വീപിലേക്ക് അടുക്കാൻ നിർവാഹമില്ലാത്ത സാഹചര്യമുണ്ട്. ഒരു ബോട്ടിനു മാത്രം അടുക്കാനുള്ള സൗകര്യം മാത്രമാണ് ഇപ്പോഴുള്ളത്. യാത്രക്കാർ ഇറങ്ങിയശേഷം ബോട്ട് മുന്നോട്ട് എടുത്താൽ മാത്രമേ മറ്റൊരു ബോട്ടിന് അടുക്കാൻ കഴിയൂ. പലപ്പോഴും ഏറെ നേരം ഊഴം കാത്തുകിടക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. മുഹമ്മയ്ക്ക് ഒപ്പം സമീപ പഞ്ചായത്തുകളിലും വികസനത്തിന്റെ വേലിയേറ്റമുണ്ടാക്കാൻ പാതിരാമണൽ വികസനം വഴി തുറക്കും.
സാമ്പത്തിക മേഖലയിൽ കുതിപ്പുണ്ടാക്കുന്നതിനൊപ്പം തൊഴിലവസരങ്ങളിലും കുതിച്ചുചാട്ടമുണ്ടാകും. മുഹമ്മയുടെ മുഖഛായ മാറ്റാൻ പര്യാപ്തമാണ് പാതിരാമണൽ വികസനമെങ്കിലും പദ്ധതികൾ പാതിവഴിയിൽ മുടങ്ങുന്ന സാഹചര്യമാണ് വർഷങ്ങളായി ഉള്ളതെന്ന് ജനനേതാക്കളും നാട്ടുകാരും പറയുന്നു.
ടൂറിസ്റ്റ് ബോട്ടുകളിൽ
പരിശോധന കർശനമാക്കും
ആലപ്പുഴ: ഓണാവധിക്ക് കായൽ സൗന്ദര്യം നുകരാൻ വിനോദസഞ്ചസഞ്ചാരികൾ ആലപ്പുഴയിലേക്ക് ഒഴുകിയെത്തും. വേമ്പനാട്ടു കായലിൽ യാത്രരേഖകളില്ലാതെ ഓടുന്ന ഹൗസ് ബോട്ടുകളുടേതടക്കം യാത്ര സുരക്ഷിതമാക്കാൻ പരിശാധനയുമായി കേരള മാരീടൈം ബോർഡ്. വിനോദസഞ്ചാര ബോട്ടുകളിൽ ആവശ്യമായ ജീവൻരക്ഷ ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതും അനുവദനീയമായമായ ആളുകൾ മാത്രമേ കയറുന്നുള്ളൂവെന്നും ഉറപ്പാക്കേണ്ടത് ബോട്ടുടമയുടെയും ഡ്രൈവറുടെയും കടമയാണ്.
നിയമപ്രകാരം യാത്രക്കാർ ലൈഫ് ജാക്കറ്റ് ധരിക്കേണ്ട യാനങ്ങളിൽ അത് ഉറപ്പാക്കേണ്ടത് ബോട്ട് ഡ്രൈവറുടെ കടമയാണ്. രജിസ്ട്രേഷൻ, സർവേ ഇല്ലാതെ സർവിസ് നടത്തിയാൽ അവ പിടിച്ചെടുത്ത് നശിപ്പിക്കുന്ന നടപടിയെടുക്കും. അംഗീകൃത ലൈസൻസ് ഇല്ലാതെ ബോട്ടുകൾ ഓടിച്ചാൽ ഓടിക്കുന്ന ആൾക്കും ഉടമകൾക്കുമെതിരേ കർശന നടപടിയുണ്ടാകും. വിനോദസഞ്ചാരത്തിന് എത്തുന്നവർ യാത്ര ചെയ്യുന്നത് അംഗീകൃതമാണോയെന്ന് പ്രദർശിപ്പിച്ച സർട്ടിഫിക്കറ്റ് നോക്കി മനസിലാക്കണം. രജിസ്ട്രേഷൻ, ഇൻഷ്വറൻസ് എന്നിവ ഉണ്ടോയെന്ന് ഉറപ്പാക്കണം.
പതിറ്റാണ്ടുകളായി അവഗണനയുടെ കയ്പ്നീർ കുടിക്കുന്ന പാതിരാമണലിന് ശാപമോക്ഷം വേണമെന്നതാണ് ഏറെ ആവശയ. കേന്ദ്ര സംസ്ഥന സർക്കാരുകൾ മുൻകൈ എടുത്ത് തുടങ്ങിയ പദ്ധതികൾ വരെ പാതിവഴിയിൽ മുടങ്ങി. മുഹമ്മയുടെ സർവതോമുഖമായ വളർച്ചയ്ക്ക് വഴി തുറക്കുന്ന പദ്ധതിയാണെങ്കിലും അധികൃതർ ഇരുട്ടിൽ തപ്പുകയാണ്.
എസ്. റെജി
പഞ്ചായത്തംഗം
ആലപ്പുഴ, കോട്ടയം, കൊച്ചി മേഖലകളിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് കരമാർഗവും കായൽ മാർഗവും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ടൂറിസ്റ്റ് കേന്ദ്രമാണ് പാതിരാമണൽ. ഇത്രയും വികസന സാധ്യതയുള്ള മറ്റൊരു ദ്വീപ് വേമ്പനാട്ട് കായലിൽ ഇല്ല. എന്നിട്ടും വികസനം ദ്വീപിൽ നിന്ന് അകന്നു നിൽക്കുന്നു. നാടിന്റെ മുഖഛായ മാറ്റാൻ പര്യാപ്തമായ ടൂറിസ്റ്റ് കേന്ദ്രമായിട്ടും ഇച്ഛാശക്തിയോടെയുള്ള നീക്കങ്ങളില്ലെന്നതാണ് വാസ്തവം.
സന്തോഷ് ഷൺമുഖൻ
ജില്ലാ പ്രസിഡന്റ്
മത്സ്യത്തൊഴിലാളി
കോൺഗ്രസ്-എം