അമ്പലപ്പുഴ: ക്ഷേത്ര മൈതാനത്ത് നായ്ക്കളെ വിഷംകൊടുത്ത് കൊന്നനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്പലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇതിനെത്തുടർന്ന് ക്ഷേത്ര വളപ്പിൽ കുഴിച്ചിട്ട നായ്ക്കളുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെയാണ് നടപടികൾ പൂർത്തിയാക്കിയത്. പുറത്തെടുത്ത നായ്ക്കളുടെ മൃതദേഹങ്ങൾ കൊല്ലത്ത് പോസ്റ്റുമോർട്ടം ചെയ്യും. ഇതിനുശേഷമേ നായ്ക്കളുടെ യഥാർഥ മരണകാരണം അറിയാൻ കഴിയൂ.
മാധ്യമ വാർത്തകളെത്തുടർന്ന് കോട്ടയത്തുള്ള മൃഗസ്നേഹിയായ ഒരു വനിത ഓൺലൈൻ മുഖേനെ നൽകിയ പരാതിയെത്തുടർന്നാണ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. പായൽക്കുളങ്ങര ക്ഷേത്ര മൈതാനത്താണ് 11 തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊന്ന നിലയിൽ കണ്ടത്. രാവിലെ മുതൽ മൈതാനത്തിന്റെ പല ഭാഗത്തും സ്റ്റേജിലുമായി നായ്ക്കൾ അവശനിലയിലായി ചത്തുവീഴുകയായിരുന്നു. വിഷം ഉള്ളിൽച്ചെന്ന നിലയിൽ വായിൽനിന്ന് നുരയും പതയും വന്നിരുന്നു. ചത്ത നായ്ക്കളെ പിന്നീട് ക്ഷേത്രം ജീവനക്കാർ കുഴിച്ചുമൂടുകയായിരുന്നു.