മാവേലിയെ കാത്ത് പാതാളക്കുഴികൾ
1453103
Friday, September 13, 2024 11:50 PM IST
അമ്പലപ്പുഴ: ഇത്തവണ പ്രജകളെ കാണാൻ മാവേലി മന്നനെത്തെത്തുമ്പോൾ മാവേലിയെ കാത്തിരിക്കുന്നത് തകർന്ന റോഡുകൾ. ദേശീയപാത മുൻപെങ്ങുമില്ലാത്ത തരത്തിൽ തകർന്നതോടെ ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നവരുടെ നടുവൊടിയുകയാണ്. ഓരോദിവസവും റോഡിലെ കുഴികളുടെ എണ്ണം പെരുകി വരുകയാണ്.
അപകടത്തിൽ ജീവൻ പൊലിയുന്നു, പരിക്കുകകൾ പറ്റുന്നു. കഴിഞ്ഞ ഏതാനും മാസമായി ഉണ്ടായ കനത്ത മഴയിൽ ദേശീയ പാതയിൽ എല്ലായിടത്തും റോഡ് തകർന്നുകിടക്കുകയാണ്. അരൂർ തുടങ്ങി കായംകുളം വരെ ദേശീയപാതയിൽ വിവിധ പ്രശ്നങ്ങൾ. ചിലയിടങ്ങളിൽ താത്കാലിക അറ്റകുറ്റപ്പണികൾ ഏതാനും ആഴ്ച മുൻപ് നടത്തിയിരുന്നു. മറ്റു ചിലയിടത്ത് എങ്ങുമെത്താതെ പ്രശ്നങ്ങൾ നീളുന്നു. ദേശീയപാതയിലെല്ലാം വലിയ കുഴികൾ മൂലം മണിക്കൂറുകൾ നീണ്ട അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്. ഇപ്പോൾ ഓണക്കാലമായതോടെ ഗതാഗതക്കുരുക്ക് വീണ്ടും വർധിച്ചു.
കുഴിയിൽ വീണ്
ഇതോടൊപ്പം കുഴിയിൽ വീണ് ചെറുതും വലുതുമായ വാഹനാപകടങ്ങളും പതിവാണ്. ഇരുചക്ര വാഹനക്കാരാണ് കൂടുതൽ ദുരിതത്തിലാകുന്നത്. സ്ഥിരമായി യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് തകരാർ സംഭവിക്കുന്നതും നിത്യസംഭവമായിരിക്കുകയാണ്.
മുൻകാലങ്ങളിൽ കാലവർഷാരംഭത്തിനു മുൻപ് ദേശീയ പാതയിൽ കുഴികളെല്ലാം അടച്ച് അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇത്തവണ സാമ്പത്തിക പ്രതി സന്ധിയെത്തുടർന്ന് അറ്റകുറ്റപ്പണി നടന്നില്ല. കൂടാതെ ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡ് പൊളിച്ചതും നാട്ടുകാരുടെയും യാത്രക്കാരുടെയും നടുവൊടിച്ചിരിക്കുകയാണ്. ഇപ്പോൾ റോഡിൽ ടാറുകൾക്കു പകരം മെറ്റിലുകൾ മാത്രമാണുള്ളത്. മെറ്റിലുകൾ ഇളകിയതോടെ റോഡിൽ ആഴമേറിയ കുഴികളാണ് രൂപപ്പെടുന്നത്. രാത്രികാലങ്ങളിൽ ഈ കുഴികളിൽ വീണ് ഇരുചക്ര വാഹനക്കാരുടെ നടുവൊടിയുന്നതും പതിവാണ്. ഇനി മഴ പൂർണമായി മാറുന്നതു വരെ യാത്രക്കാരുടെ ഈ ദുരിതം തുടരാനാണ് സാധ്യത.
കട്ട നിരത്താതെ
ദേശീയപാതാ നിർമാണവും മേൽപ്പാലനിർമാണവും നടക്കുന്ന സ്ഥലങ്ങളിൽ വാഹനയാത്ര ദുരിതയാത്ര. വാഹനങ്ങൾ കടന്നുപോകുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞ് ചെളിനിറഞ്ഞിരിക്കുകയാണ്.
മേൽപ്പാലം നിർമാണം നടക്കുന്ന അരൂർമുതൽ തുറവൂർവരെയുള്ള ഭാഗങ്ങളിൽ ഒരുനിരയിൽക്കൂടി തിങ്ങിനിറഞ്ഞാണ് വാഹനങ്ങൾ കടന്നുപോകുന്നത്. വീതി കൂട്ടിയിട്ടുണ്ടെങ്കിലും ഈ ഭാഗങ്ങളിൽ റോഡ് ടാർ ചെയ്തിട്ടില്ല. യന്ത്രമുപയോഗിച്ച് റോഡ് നിരപ്പാക്കുകമാത്രമാണ് ചെയ്തത്. ടാർ ചെയ്യുകയോ കട്ടനിരത്തുകയോ ചെയ്തില്ല. ഈ ഭാഗത്ത് മെറ്റൽ മാത്രമാണ് വിരിച്ചിരിക്കുന്നത് വാഹനം കടന്നുപോകുന്ന ഏഴുമീറ്റർ വീതിയിൽ കരാറേറ്റെടുത്തിരിക്കുന്ന കമ്പനി ടാർ ചെയ്യേണ്ടതാണ്.
അങ്ങനെയാണ് വ്യവസ്ഥ. എന്നാൽ, ഗതാഗതക്കുരുക്കേറിയിട്ടും കമ്പനി ഇതിനു തയാറായിട്ടില്ല. ടാർ ചെയ്താൽ വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാനാകും. ഈഭാഗത്ത് ചളിയും കുഴിയും നിറഞ്ഞ അവസ്ഥയാണ്. വാഹനങ്ങൾ ഓടിയോടി മെറ്റലുകൾ തെന്നിമാറി അപകടാവസ്ഥയിലാണ്.