ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ നവീകരണം: പാർക്കിംഗ് ഏരിയ സജ്ജം
1452288
Tuesday, September 10, 2024 10:46 PM IST
ചെങ്ങന്നൂർ: ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ പാതയിലേക്ക്. ഇതിന്റെ ഭാഗമായി നടന്ന നവീകരണ പ്രവവർത്തനങ്ങളിൽ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയകളുടെ നിർമാണം പൂർത്തിയായതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. 96.47 ലക്ഷം രൂപ ചെലവിലാണ് കാർ, ഓട്ടോ, ബൈക്ക്, സൈക്കിൾ എന്നിവ പാർക്ക് ചെയ്യുന്നതിനായാണ് മെറ്റൽ വിരിച്ച് ടാർ ചെയ്ത പാർക്കിംഗ് ഏരിയ നിർമിച്ചത്.
കാറുകളുടെ പാർക്കിംഗിന് അറുന്നൂറ് സ്ക്വയർ മീറ്റർ സ്ഥലവും ബൈക്കുകളുടെ പാർക്കിങ്ങിനായി എഴുനൂറ്റിയൻപത് സ്ക്വയർ മീറ്റർ സ്ഥലവും ആണ് ക്രമീകരിച്ചിരിക്കുന്നത്. ഇരുസ്ഥലങ്ങളിലുമായി യഥാക്രമം നാല്പത് കാറുകളും നൂറ്റിയെൻപത് ബൈക്കുകളും പാർക്ക് ചെയ്യുവാൻ കഴിയും.
സ്റ്റേഷനിലെ പാർക്കിംഗ് സൗകര്യം റെയിൽവേ നിശ്ചയിക്കുന്ന പാർക്കിംഗ് ഫീസ നൽകിയാണ് ഉപയോഗപ്പെടുത്തേണ്ടത്.സ്റ്റേഷന്റെ നവീകരണവുമായി ബന്ധപ്പെട്ട് നിലവിൽ പ്ലാറ്റ്ഫോമുകളിൽ മിനി ഷെൽട്ടറുകളും ഇതിനോടകം സ്ഥാപിച്ചു. റെയിൽവേ സ്റ്റേഷനിലെ കരുനാഗപ്പള്ളി ഭാഗത്തേക്കുള്ള ലെവൽ ക്രോസിന് പകരമായി അടിപ്പാത നിർമ്മിക്കണമെന്നുള്ള ആവശ്യവും ഇതിനോടകം തന്നെ റെയിൽവേയുടെ ശ്രദ്ധയിൽപ്പെടുത്തി.
2024- 2025 സാമ്പത്തിക വർഷത്തിൽ അമൃത ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റേഷൻ കെട്ടിടത്തിന്റെ പുതുക്കിപ്പണിയൽ, പ്ലാറ്റ്ഫോമുകളുടെ നവീകരണം, ഇരു പ്ലാറ്റ്ഫോമുകളിലുമായി ലിഫ്റ്റ് സ്ഥാപിക്കൽ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയ്ക്ക് ആവശ്യമായ അനുകൂല നിലപാടിനായി റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടന്നും സ്റ്റേഷൻ നവീകരണം പൂർത്തിയാകുമ്പോൾ സ്റ്റേഷനിൽ കൂടുതൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകുമെന്നും യാത്രക്കാരുടെ നിരന്തര ആവശ്യമായ ആലപ്പുഴ വഴിയുള്ള ട്രെയിനുകളുടെ സ്റ്റോപ്പ്, കോവിഡിന് മുമ്പ് ഉണ്ടായിരുന്ന ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കൽ, പുതുതായി ദീർഘ ദൂരെ ട്രെയിനുകൾക്ക് സ്റ്റോപ്പ് അടക്കമുള്ള ആവശ്യങ്ങൾ അനുവദിക്കുന്നതിനായി റെയിൽവേ ബോർഡിനും സതേൺ റെയിൽവേ ജനറൽ മാനേജർക്കും കത്തു നൽകിയതായും കൊടിക്കുന്നിൽ പറഞ്ഞു.