ചെറിയനാട് റെയിൽവേ സ്റ്റേഷൻ വികസനം: ഉന്നത ഉദ്യോഗസ്ഥസംഘത്തെ സന്ദർശനത്തിനു ക്ഷണിച്ചു
1444109
Sunday, August 11, 2024 11:20 PM IST
ചെങ്ങന്നൂര്‍: ചെറിയനാട് റെയില്‍വേ സ്റ്റേഷന് വികസനം സംബന്ധിച്ച് ചര്‍ച്ചചെയ്യുന്നതിനും നിലവില്‍ സ്റ്റേഷന് നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനുമായി റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്ത സംഘത്തെ സന്ദര്‍ശനത്തിന് ക്ഷണിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. മാവേലിക്കര ലോക്സഭാ മണ്ഡലത്തിലുള്‍പ്പെട്ട വിവിധ റെയില്‍വേ സ്റ്റേഷനുകളുടെ വികസനം സംബന്ധിച്ച് കഴിഞ്ഞ ദിവസം ലോകസഭയില്‍ എംപി. ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് റെയില്‍വേ മന്ത്രി നല്കിയ മറുപടികള്ക്കിടയിലാണ് ഉദ്യോഗസ്ഥ സംഘത്തിന്റെ ചെറിയനാട് സ്റ്റേഷന് സന്ദര്‍ശം സംബന്ധിച്ച ആവശ്യം എംപി. അഭ്യര്‍ഥിച്ചത്.
ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്തസംഘം ഈ മാസം മൂന്നാം വാരം സന്ദര്‍ശനം നടത്തിയേക്കുമെന്നാണ് സൂചന. തീയതിയും സമയവും നിശ്ചയിച്ച് പിന്നീട് അറിയിക്കും. ചെറിയനാട് റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന 50 ഏക്കര്‍ സ്ഥലം കൂടി ഉള്‍പ്പെടുത്തി ചെങ്ങന്നൂര്‍ സൗത്ത് റെയില്‍വേ സ്റ്റേഷനായി ചെറിയാടിനെ വികസിപ്പിക്കുന്നതു സംബന്ധിച്ചു നേരത്തേ നടത്തിയ നിര്‍ദേശം സംബന്ധിച്ചായിരുന്നു എംപി.യുടെ പ്രധാന ചോദ്യം.
എന്നാല്‍, ചെറിയനാട് സ്റ്റേഷന്റെ തൊട്ടടുത്തുള്ള ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കോടികള്‍ മുതല്‍മുടക്കിയുള്ള വന്‍കിട വികസനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കെ, ചെറിയനാട് റെയില്‍വേ സ്റ്റേഷന്റെ സൗകര്യങ്ങള്‍ നിലവില്‍ പര്യാപ്തമെന്നാണ് റെയില്‍വേ മന്ത്രി മറുപടി നല്‍കിയതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. വ്യക്തമാക്കി. മന്ത്രിയുടെ മറുപടി നിരാശാജനകമാണെങ്കിലും ഉദ്യോഗസ്ഥ സംഘത്തിന്റെ സംയുക്ത സന്ദര്‍ശനത്തില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെങ്ങന്നൂര്‍ സ്റ്റേഷനില്‍നിന്ന് റെയില്‍വേ ലൈന്‍ വഴി അഞ്ചു കിലോമീറ്റര്‍ മാത്രം അകലെയാണ് ചെറിയനാട് സ്റ്റേഷന്. അച്ചന്‍കോവിലാറിന്റെ സാമിപ്യമുള്ളതിനാല്‍ ട്രെയിനുകളില്‍ ജലം നിറയ്ക്കാന്‍ കഴിയുന്ന ഫില്ലിംഗ് സ്റ്റേഷനായി ചെറിയനാടിനെ മാറ്റാനാവും. ഈ റിപ്പോര്‍ട്ട് ഇപ്പോഴും പൊടിപിടിച്ചുകിടക്കുകയാണ്. കനത്ത വേനലിനെത്തുടര്‍ന്ന് റെയില്‍വേയും ജലപ്രതിസന്ധി നേരിടുന്നുണ്ട്. ശബരിമല തീര്ഥാടകര്കൂടിയെത്തുമ്പോള് പ്രധാന സ്റ്റേഷനായ ചെങ്ങന്നൂരില്‍ ശുദ്ധജലം വലിയ പ്രതിസന്ധിയായി മാറുമെന്നുറപ്പ്. ചെറിയനാടിനെ ഫില്ലിംഗ് സ്റ്റേഷനാക്കുന്നതോടെ ഈപ്രതിസന്ധിക്കുകൂടി പരിഹാരമാകും.
പിറ്റ് ലൈനുകളുള്‍പ്പെടെ നിര്‍മിച്ചാല്‍ ഹാള്‍ട്ടിംഗ് സ്റ്റേഷനായും ചെറിയനാടിനെ മാറ്റാന്‍ കഴിയും. ചെങ്ങന്നൂരില്‍ പിറ്റ് ലൈനുകളില്ലാത്തതിനാല്‍ ചെങ്ങന്നൂരി് യാത്ര അവസാനിപ്പിക്കേണ്ട തിരുപ്പതി ട്രെയിന്‍ കൊല്ലം വരെയാക്കുകയായിരുന്നു. തീര്‍ഥാടനകേന്ദ്രങ്ങളായ ചെങ്ങന്നൂരിനെയും തിരുപ്പതിയെയും ബന്ധിച്ചാണ് ഈ സര്‍വീസ് വിഭാവനംചെയ്തത്. നിലവില്‍ പാസഞ്ചര്‍, വേണാട് ട്രെയിനുകള്‍ക്കാണ് ചെറിയനാട്ട് സ്റ്റോപ്പുള്ളത്. ശീതീകരിച്ച പഴം, പച്ചക്കറി ഗോഡൗണ്‍ സ്ഥാപിക്കാന്‍ 2015-ലെ റെയില്‍വേ ബജറ്റില്‍ 40 ലക്ഷം രൂപ വകയിരുത്തിയിരുന്നെങ്കിലും പദ്ധതി തുടക്കത്തിലേ പൊളിഞ്ഞു.
സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പറേഷനു കീഴില്‍ ഗോഡൗണ്‍ സ്ഥാപിക്കാനായിരുന്നു പദ്ധതി. സ്ഥലം അളന്നു തിട്ടപ്പെടുത്തുന്ന ജോലികള്‍ കൊണ്ടുപിടിച്ചുനടന്നു. കൊടിക്കുന്നില്‍ സുരേഷ് എംപി യുടെ നേതൃത്വത്തില്‍ യോഗങ്ങളും ചേര്‍ന്നു. എന്നാല്‍, പദ്ധതി മാത്രം വന്നില്ല. ഇതിനു മുന്‍പു റെയില്‍നീര്‍ കുപ്പിവെള്ള ഫാക്റി സ്ഥാപിക്കുന്നതിനു സ്ഥലം ഉപയോഗപ്പെടുത്താനും റെയില്‍വേ ആശുപ്രതിയുടെ ഹൃദ്രോഗവിഭാഗം ചെറിയനാട്ടു തുടങ്ങാനം ആലോചിച്ചെങ്കിലും അതും പാഴ്വാക്കായി.
ശബരിമലയുടെ കവാടമായി റെയില്‍വേ പ്രഖ്യാപിച്ചിട്ടുള്ള ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനു സമീപമാണ് എന്നിനാല്‍ തീര്‍ഥാടക വിശ്രമകേന്ദ്രം നിര്‍മിക്കാനും സ്ഥലം ഉപയോഗിക്കാന്‍ കഴിയും. നിലവില്‍ ഫ്ളാഗ് സ്റ്റേഷനായ ഇവിടം ക്രോസിംഗ് സ്റ്റേഷനാക്കി ഉയര്‍ത്തിയാല്‍ കൂടുതല്‍ റെയില്‍ പാളങ്ങള്‍ നിര്‍മിക്കുകയും ട്രെയിനുകളുടെ ഹാള്‍ട്ടിംഗ് സ്റ്റേഷനാക്കുകയും (ബ്ലോക്ക് സ്റ്റേഷന്) ചെയ്യാം. ചെങ്ങന്നൂരിന്റെ സൗത്ത് സ്റ്റേഷനായി മാറ്റുക റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ചെറിയനാടിനുണ്ട്.
50 ഏക്കര്‍ വരുന്ന നിര്‍ദിഷ്ട പദ്ധതിപ്രദേശം വികസനാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്ന പക്ഷം പ്രദേശത്തിന്റെ മുഖച്ഛായതന്നെ മാറ്റിയെടുക്കാന്‍ കഴിയും. ചെറിയാനാട് സ്റ്റേഷന്റെ പ്രശ്നങ്ങള്‍ നേരിട്ട് അവതരിപ്പിക്കാനും പരമാവധി അടിസ്ഥാന സൗകര്യ വികസനത്തിനുമായി സതേണ്‍ റെയില്‍വേ തിരുവനന്തപുരം ഡിവിഷനല്‍ മാനേജരെ ധരിപ്പിക്കാനും സ്റ്റേഷന് സന്ദര്‍ശനംകൊണ്ടു കഴിയുമെന്നും എംപി പ്രത്യാശ പ്രകടിപ്പിച്ചു.