യുവാവിനെ മർദിച്ച് കാർ തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
1443487
Saturday, August 10, 2024 12:00 AM IST
ഹരിപ്പാട്: യുവാവിനെ മർദിച്ച് വഴിയിൽ തള്ളിയശേഷം കാർ തട്ടിക്കൊണ്ടുപോയ കേസിൽ ഒരു പ്രതിയെക്കൂടി കനകക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തു.
രണ്ടാം പ്രതി കൃഷ്ണപുരം 14-ാം വാർഡ് വലിയത്ത് വീട്ടിൽ ആഷിക്കി(മത്തി ആഷിക്-25)നെയാണ് അറസ്റ്റ് ചെയ്തത്. ഒട്ടേറേ ക്രിമിനൽ കേസിൽ പ്രതിയാണ് ആഷിക്.
കൃഷ്ണപുരം കൊച്ചുതെക്കതിൽ അജ്മൽ (മുഹമ്മദ് ഫാസിൽ-24), കായംകുളം ചേരാവള്ളി കൊല്ലകശേരിയിൽ, മുഹമ്മദ് ഹർഷിദ് (22) എന്നിവരെ കേസിൽ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ട്.
കഴിഞ്ഞമാസം 27ന് വലിയഴീക്കൽ തറയിൽക്കടവ് സനുഭവനത്തിൽ സായൂജിനെയാണ് പ്രതികൾ മർദിച്ച് വഴിയിൽ തളളിയശേഷം കാർ കടത്തിക്കൊണ്ടുപോയത്. കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കായംകുളം പുതുപ്പള്ളി ഭാഗത്താണ് പ്രതി പിടിയിലാകുന്നത്. ഇൻസ്പെക്ടർ എസ്. അരുൺ, എസ്ഐ സന്തോഷ്, എഎസ്ഐ സുരേഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിതേഷ് മോൻ, പ്രപഞ്ചേന്ദ്ര ലാൽ, സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ്, ജിൻദത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.