എയര്‍ഗണ്‍ കൊണ്ടുള്ള ആക്രമണം മാത്രമെന്ന് ഡിവൈഎസ്പി
1443178
Thursday, August 8, 2024 11:34 PM IST
ആലപ്പുഴ: ആലപ്പുഴയിലെ സ്കൂളില്‍ വെടിവയ്പ് ഉണ്ടായിട്ടില്ലെന്ന് ഡിവൈഎസ്പി എം.ആര്. മധു ബാബു. സ്കൂളില്‍ ഉണ്ടായ തര്‍ക്കത്തിന്റെ പേരില്‍ ഇടവഴിയില്‍ അടിപിടി മാത്രമാണുണ്ടായതെന്നും എയര്‍ഗണ്‍ ഉപയോഗിച്ച് ആക്രമിക്കുകയാണ് ചെയ്തതെന്നും ഡിവൈഎസ്പി പറഞ്ഞു. പ്രചരിക്കുന്ന വാര്‍ത്ത ശരിയല്ലെന്നും ഡിവൈഎസ്പി ചൂണ്ടിക്കാട്ടി. തോക്ക് ഉപയോഗിച്ച വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്നു പേര് സംഘം ചേര്‍ന്നാണ് ആക്രമിച്ചത്.
കുട്ടിയുടെ വീട്ടില്‍നിന്ന് എയര്‍ഗണ്‍ കണ്ടെത്തിയിട്ടുണ്ട്. എയര്‍ഗണ്‍ ഉപയോഗിക്കാന്‍ സാധിക്കാത്ത നിലയിലാണെന്നാണ് പ്രാഥമിക നിഗമനം. വിദ്യാര്‍ഥികള്‍ തമ്മില്‍ സ്കൂള്‍വളപ്പില്‍ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയിലെത്തിയത്. പിന്നീട് ഉച്ചഭക്ഷണ സമയത്ത് സ്കൂളിന് പുറത്തുവച്ചാണ് സംഭവം നടന്നത്.
സംഭവത്തില്‍ സ്കൂളിലെ അധ്യാപകര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ബുധനാഴ്ച ആലപ്പുഴ സൗത്ത് പോലീസ് പരിക്കേറ്റ വിദ്യാര്‍ഥിയുടെ മൊഴിയെടുത്തിരുന്നു. തോക്കിന്റെ പാത്തി ഉപയോഗിച്ച് അടിക്കുകയായിരുന്നെന്നാണ് പരാതിക്കാരന്റെ മൊഴി. പെല്ലറ്റ് കുടുങ്ങിയ നിലയിലുള്ള പഴക്കമുള്ള എയര്‍ ഗണ്‍ ആണ് ഉപയോഗിച്ചത്.
ഇരവുകാട് സ്വദേശിയാണ് തോക്കുമായെത്തിയത്. ബന്ധുവിന്റെ സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് തോക്ക് കൈവശപ്പെടുത്തിയത്. വാടക്കല്‍ സ്വദേശിയായ വിദ്യാര്‍ഥിക്കു നേരേയാണ് തോക്ക് ചൂണ്ടിയത്. വേറെ രണ്ടു വിദ്യാര്‍ഥികളും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മൂന്നുപേര്‍ക്കും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോലീസ് ജുവനൈല്‍ കോടതിക്കു റിപ്പോര്‍ട്ട് നല്കി. കുട്ടികള്‍ ജുവനൈല്‍ കോടതിയില്‍ ഹാജരാകണം.