മണ്ണിന്റെ ആരോഗ്യസംരക്ഷണം: പരിശീലനവുമായി ക്രിസ്, ഇൻഫാം
1442562
Tuesday, August 6, 2024 11:50 PM IST
മാമ്പുഴക്കരി: കുട്ടനാട്ടിൽ നല്ല കാർഷിക സമ്പ്രദായത്തിൽ കർഷക പരിശീലനവുമായി ചങ്ങനാശ്ശേരി അതിരൂപത ക്രിസ് -ഇൻഫാം. മാമ്പുഴക്കരി ക്രിസ് സെന്ററിൽ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രവുമായി സഹകരിച്ചു കാർഷിക പരിശീലനം ക്ലാസ് നടന്നു.
ഗുഡ് അഗ്രിക്കൾചർ പ്രാക്ടീസ് കുട്ടനാട്ടിൽ പ്രാവർത്തികമാക്കിയാൽ പുതിയ കാർഷിക വിപ്ലവം സാധ്യമാക്കാൻ കഴിയുമെന്ന ലക്ഷ്യത്തിൽ ക്രിസ് -ഇൻഫാം പ്രവർത്തക സമിതിയുടെ മേൽനോട്ടത്തിൽ ജൂൺ 26ന് പ്രാരംഭ ക്ലാസ് ആരംഭിച്ചിരുന്നു. ജൂലൈ 17ന് മൂന്നാം ദിന ക്ലാസും നടന്നിരുന്നു. ആദ്യം അപേക്ഷിച്ചിരുന്ന 75 പേരാണ് തുടർ പരീശീലനത്തിനായി എത്തുന്നത്. തുടർന്ന് വരുന്ന മാസങ്ങളിൽ ഒന്നും മൂന്നും ചൊവ്വാഴ്ചകളിൽ 4 ക്ലാസുകൾ കൂടി ഇതിൽ പങ്കെടുക്കുന്നവർക്കായി ക്രമീകരിച്ചിരിക്കുന്നു.
മങ്കൊമ്പ് ഡോ. എം. എസ്. സ്വാമിനാഥൻ നെല്ലു ഗവേഷണ കേന്ദ്രം പ്രഫസർ ഡോ. ബിന്ദു പി. എസ് കർഷരുടെ സംശയങ്ങൾക്ക് മറുപടി നൽകി. നാല് ഏക്കർ എങ്കിലും കൃഷി ചെയ്യുന്ന കർഷകർ പരിശീലനപദ്ധതിയിൽ പരിശീലനം നേടുന്നുണ്ട്. ഡയറക്ടർ ഫാ. തോമസ് താന്നിയത്ത് പദ്ധതി വിശദീകരിച്ചു. ജോയിന്റ് ഡയറക്ടർ ഫാ. സോണി പള്ളിച്ചിറയിൽ, ഇൻഫാം പ്രസിഡന്റ് സേവിച്ചൻ പി ജെ, വർഗീസ് എം കെ മണ്ണൂപ്പറമ്പിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.