ഷോക്കടിപ്പിച്ചു കൊലപ്പെടുത്താൽ ശ്രമം: അയൽവാസിയായ യുവാവ് അറസ്റ്റിൽ
1438285
Monday, July 22, 2024 11:41 PM IST
ഹരിപ്പാട്: സിപിഎം കരുവാറ്റ ലോക്കൽ കമ്മിറ്റി അംഗത്തെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്താൽ ശ്രമിച്ച കേസിൽ അയൽവാസിയായ യുവാവിനെ ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. കരുവാറ്റ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ കരിയിൽ പ്രസാദി(51)നെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ കരുവാറ്റ വലിയതറയിൽ ഷാദ്മോൻ(30) ആണ് അറസ്റ്റിലായത്. വെള്ളി രാത്രി എട്ടരയോടെയായിരുന്നു സംഭവം. കരിയിൽ ക്ഷേത്രത്തിനു സമീപമുള്ള കട അടച്ചിട്ട് വീട്ടിലേക്ക് വരുന്നവഴിയിൽ വൈദ്യുതി വയർ കമ്പിയിൽ ഘടിപ്പിച്ച് ഇട്ടിരുന്നു വഴിയിൽ കെട്ടിക്കിടന്ന വെള്ളത്തിലേക്ക് കാലെടുത്തവച്ചതോടെ വൈദ്യുതാഘാതമേറ്റ് ദൂരേക്ക് തെറിച്ചുവീഴുകയായിരുന്നു. പ്രസാദിന്റെ അലർച്ചകേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോൾ അയൽവീട്ടിലേക്ക് വയർ വലിച്ചിരുന്നത് കണ്ടെത്തി.
ബഹളത്തിനിടെ അയൽവീട്ടിൽ നിന്നുകൊണ്ട് വയർ വലിച്ചെടുക്കുന്നതിനിടെ വയറിന്റെ ഒരു ഭാഗവും ബന്ധിപ്പിച്ചിരുന്ന കമ്പിയും കണ്ടെത്തി. വിവരം അറിഞ്ഞ് പോലീസ് നടത്തിയ അന്വേഷണത്തിൽ ഷാദ്മോന്റെ ചേട്ടൻ ഷേണുവിന്റെ വീട്ടിൽനിന്നാണ് വൈദ്യുതി ഉപയോഗിച്ചതെന്നു കണ്ടെത്തിയ പോലീസ് ഷാദ് മോനെ പ്രതിയാക്കി കേസെടുക്കുകയായിരുന്നു. കരിയിൽ ക്ഷേത്രത്തിൽ പൊതുയോഗം നടന്നപ്പോൾ പ്രസാദും ഷാദുമോനും തമ്മിലുണ്ടായ തർക്കമാകാം വധശ്രമത്തിലേക്ക് നയിച്ചതെന്നു കരുതുന്നു.