ഉയരപ്പാത നിർമാണം: ബഹുജന കൺവൻഷൻ നടത്തി
1437981
Sunday, July 21, 2024 11:31 PM IST
തുറവൂർ: ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ജനങ്ങൾ അനുഭവിക്കുന്ന യാത്രാദുരിതത്തിന് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐ അരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന കൺവൻഷൻ നടത്തി.
ഉയരപ്പാത നിർമിക്കുന്നതിന് ഇരുവശത്തും ഉള്ള സർവീസ് റോഡുകൾ സഞ്ചാരയോഗ്യമാക്കുക, മഴവെള്ളം ഒഴുകിപ്പോകുന്നതിനു കാനകൾ നിർമിക്കുക, റോഡിന്റെ നടുഭാഗത്ത് കൂട്ടിയിരിക്കുന്ന ചെളി അടിയന്തരമായി നീക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക, അപകടങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകുക, നിർമാണപ്രവർത്തനം മൂലം കടകൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ കട ഉടമകൾക്ക് നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് കൺവൻഷൻ നടത്തിയത്. സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ ജഡ്ജി പി. എം. അബ്ദുൾ സത്താർ മുഖ്യ പ്രഭാഷണം നടത്തി. ടി. പി. സതീശൻ അധ്യക്ഷത വഹിച്ചു. അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രാഖി ആന്റണി, സിപിഐ സംസ്ഥാനസമിതിയംഗം ഡി. സുരേഷ് ബാബു, എം.പി. ബിജു ഒ.കെ. മോഹനൻ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ രവീന്ദ്രൻ നായർ,സതീഷ് പണിക്കർ എന്നിവർ പ്രസംഗിച്ചു.