വിടപറഞ്ഞത് അന്പലപ്പുഴയുടെ ചരിത്രം താളുകളിൽ പകർത്തിയ എഴുത്തുകാരൻ
1437969
Sunday, July 21, 2024 11:31 PM IST
അമ്പലപ്പുഴ: വിടപറഞ്ഞത് അന്പല പ്പുഴയുടെ ചരിത്രം താളുകളില്‍ പകര്‍ത്തിയ എഴുത്തുകാരന്. നാട്ടുകാരുടെയും നൂറുകണക്കിന് ശിഷ്യഗണങ്ങളുടെയും എഴുത്തുകാരുടെയുമൊക്കെ പ്രിയപ്പെട്ട ഗോപകുമാര്‍ സാര്‍ എന്ന സാഹിത്യകാരന് പഴയ ചെമ്പകശേരിയുടെ ചരിത്രമെഴുതിയ ഗ്രന്ഥകര്‍ത്താവാണ്. അമ്പലപ്പുഴ എന്ന ദേശത്തിന്റെയും അമ്പലപ്പുഴ ക്ഷേത്രത്തിന്റെയും ചരിത്രമറിയാവുന്ന ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ ഈ ചരിത്രം പുതുതലമുറയ്ക്ക് പകര്ന്നുനല്കാൻ പുസ്തക രൂപത്തിലാക്കിയിട്ടുണ്ട്. ചരിത്ര വിദ്യാര്‍ഥികള്‍ക്ക് അക്ഷയ ഖനിയായിരുന്നു ഗോപകുമാര്‍ സാര്‍.
എഴുത്തിനൊപ്പം വായനയും ലഹരിയാക്കിയ ഗോപകുമാര്‍ സാര്‍ ആനുകാലികങ്ങളിലടക്കം നൂറുകണക്കിന് ലേഖനങ്ങളാണ് എഴുതിയിരിക്കുന്നത്. ആലപ്പുഴയുടെ പ്രശസ്തി ലോകത്തിന്റെ നെറുകയിലെത്തിച്ച നെഹ്റു ട്രോഫി വള്ളംകളി സുവനീറിലും ഗോപകുമാര്‍ സാറിന്റെ കൈയൊപ്പ് പലതവണ പതിഞ്ഞിട്ടുണ്ട്.
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഒന്‍പതാം ദിവസം നടക്കുന്ന പ്രശസ്തമായ നാടകശാല സദ്യക്ക് മുന്‍പ് അമ്പലപ്പുഴ ക്ഷേത്രത്തിന്റെ ചരിത്രമുള്‍പ്പെടെ സരസമായി, മനോഹരമായി വര്‍ഷങ്ങളായി അവതരിപ്പിച്ചിരുന്നത് ഗോപകുമാര്‍ സാറായിരുന്നു. ഇദ്ദേഹത്തിന്റെ മധുരമായ പ്രഭാഷണം കേള്‍ക്കാന്‍ നൂറുകണക്കിനാളുകളാണ് എല്ലാ വര്‍ഷവും ക്ഷേത്രവളപ്പില്‍ തടിച്ചുകൂടിയിരുന്നത്.ശാരീരിക ബുദ്ധിമുട്ടായതിനാല്‍ ഏതാനും വര്‍ഷമായി നാടകശാല സദ്യയിലെ പ്രഭാഷണം നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.കഴിഞ്ഞ മാര്‍ച്ച് ഒമ്പതിന് അമ്പലപ്പുഴ പി.കെ. മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ നടന്ന ചടങ്ങാണ് ഇദ്ദേഹം പങ്കെടുത്ത അവസാന പൊതു പരിപാടി. ഗ്രന്ഥശാലയുടെ മുന്‍ പ്രസിഡന്റുകൂടിയായ അദ്ദേഹത്തെ ചടങ്ങില്‍ ആദരിച്ചിരുന്നു.