9 മണ്ഡലങ്ങളിൽ 63 കോടിയുടെ പദ്ധതികള്‍: മന്ത്രി പി. പ്രസാദ്
1437361
Friday, July 19, 2024 10:50 PM IST
ആലപ്പുഴ: നവകേരള സദസില്‍ ഉയര്‍ന്നുവന്ന വികസന പദ്ധതികള്‍ക്കായി വകയിരുത്തിയിട്ടുള്ള 1000 കോടി രൂപയില്‍നിന്ന് ഒരു നിയോജകമണ്ഡലത്തില്‍ ഏഴു കോടി രൂപ എന്ന നിരക്കില്‍ ജില്ലയിലെ പദ്ധതികള്‍ തെരഞ്ഞെടുക്കുന്നതിന് കൃഷിമന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് മന്ത്രിതല യോഗം വിളിച്ചത്.
ഓരോ നിയോജകമണ്ഡലത്തില്‍നിന്ന് അതത് ജനപ്രതിനിധികള്‍ തെരഞ്ഞെടുക്കുന്ന ഏഴുകോടി രൂപയുടെ പദ്ധതിയാണ് അംഗീകരിക്കുകയെന്ന് മന്ത്രി യോഗത്തില്‍ പറഞ്ഞു. വരുന്ന 18 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കണമെന്നത് മാത്രമാണ് ആകെയുള്ള നിബന്ധനയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതികള്‍ക്ക് ഭൂമി ലഭ്യമാണോയെന്ന് വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും ജില്ലാ കളക്ടറും ഉറപ്പാക്കണം. പദ്ധതി 18 മാസത്തില്‍ പൂര്‍ത്തിയാക്കുന്നതിന് സാധ്യമാകുന്ന വിധത്തില്‍ ഭൂമി കണ്ടെത്താന്‍ കഴിയുമെങ്കില്‍ അതും പരിഗണിക്കാം. ഭൂമി ഏറ്റെടുക്കുന്നത് തീരെ ബുദ്ധിമുട്ടുള്ള പദ്ധതികള്‍ ഒഴിവാക്കാനും മന്ത്രി നിര്‍ദേശം നല്കി.
എംഎല്‍എമാരായ ദലീമ ജോജോ, പി.പി. ചിത്തരഞ്ജന്, എച്ച്. സലാം, തോമസ് കെ. തോമസ്, എം.എസ്. അരുണ്‍കുമാര്‍, കായംകുളം എംഎല്‍എയുടെ പ്രതിനിധി, ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, സബ് കളക്ടര്‍ സമീര്‍ കിഷന് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
നവകേരള സദസ്:
നിരുത്തരവാദപരമായ
മറുപടി നല്‍കരുത്
നവകേരള സദസ് അതുകൊണ്ട് അവാസാനിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും പരിഹരിക്കാതെ നിരുത്തരവാദപരമായ മറുപടി നല്‍കിയതിനെക്കുറിച്ച് ജനപ്രതിനിധികള്‍ക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ അനാസ്ഥ കാട്ടുന്നത് സര്‍ക്കാരിനെ മനഃപൂര്‍വം മോശമായി ചിത്രീകരിക്കാനുള്ള ശ്രമമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസില്‍ ലഭിച്ച പരാതികള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ യോഗം ഒരാഴ്ചയ്ക്കുള്ളില്‍ വിളിക്കുമെന്നും യോഗത്തില്‍ മന്ത്രി പറഞ്ഞു.