താറാവുകളെ കൊന്നൊടുക്കി; തലവടിയിലും തഴക്കരയിലുമായി 15,000 പക്ഷികളെ കൊന്നു ദഹിപ്പിച്ചു
1423457
Sunday, May 19, 2024 6:13 AM IST
എടത്വ: തലവടിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച താറാവുകളെ ഇന്നലെ കൊന്നൊടുക്കി ദഹിപ്പിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ പൂഞ്ചായില്ചിറ ബിനോയിയുടെ താറാവുകളെയാണ് കൊന്നൊടുക്കിയത്. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തു പക്ഷികളെയും കൊന്നു നശിപ്പിച്ചു.
ദ്രുതകര്‍മസേനയുടെ നാല് ടീമുകളുടെ നേതൃത്വത്തിലാണ് നടപടി പൂര്‍ത്തിയാക്കിയത്. തലവടിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച താറാവിന്റെ സാമ്പിള്‍ ഭോപ്പാല്‍ വൈറോളജി ലാബിലെ പരിശോധനയ്ക്കു ശേഷമാണ് സ്ഥിരീകരണമായത്.
താറാവുകള്‍ ചത്തതോടെ തിരുവല്ല മഞ്ഞാടിയിലെ വൈറോളജി ലാബില്‍ കര്ഷകന് സാമ്പിള്‍ പരിശോധനയ്ക്ക് എത്തിച്ചിരുന്നു. ഈ പരിശോധനാഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ഭോപ്പാല്‍ ലാബില്‍ പരിശോധനയ്ക്ക് വിട്ടത്. ബിനോയിയുടെ 3851 താറാവ്കളെയും സമീപ പ്രദേശങ്ങളിലെ മറ്റു വളര്‍ത്തുപക്ഷികളും അടക്കമുള്ള 4251 പക്ഷികളെയാണ് കൊന്നൊടുക്കി ദഹിപ്പിച്ചത്.
ജില്ലാ മൃഗരോഗ നിയന്ത്രണ പദ്ധതി കോ-ഓര്‍ഡിനേറ്ററുടെ നിര്‍ദേശ പ്രകാരം 23 ടണ്‍ വിറക് രണ്ട് ടണ്‍ ചിരട്ട,100 കിലോ പഞ്ചസാര, 100 ലിറ്റര്‍ ഡീസല്‍, 100 കിലോ കുമ്മായം എന്നിവ പഞ്ചായത്ത് വാങ്ങി നല്‍കിയിരുന്നു. ഗ്രാമപഞ്ചായത്തംഗം എന്‍.പി രാജന്, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ജി.വി വിനോദ് കുമാര്‍, വില്ലേജ് ഓഫീസര്‍ രജി പോള്‍ എന്നിവര്‍ നേതൃത്വം നല്കി.
മാങ്കാംകുഴി: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് തഴക്കര പഞ്ചായത്തിൽ ഏഴായിരത്തിലധികം താറാവുകളെ കൊന്നു നശിപ്പിച്ചു. തഴക്കര പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ വെട്ടിയാർ പെലുവേലിൽ ചാൽ പുഞ്ചയ്ക്ക് സമീപം നടന്ന കള്ളിംഗിലാണ് തഴക്കര, ചുനക്കര,നൂറനാട് പഞ്ചായത്തുകളിൽ നിന്നുള്ള ഏഴായിരത്തിലധികം താറാവുകളെയാണ് കൊന്ന് നശിപ്പിച്ചത്.
ചെന്നിത്തല സ്വദേശിയായ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള പതിനായിരം താറാവുകളിൽ 2500 താറാവുകളാണ് കഴിഞ്ഞ ആഴ്ച കൂട്ടത്തോടെ ചത്തത്. പതിനായിരം താറാവുകളുമായി നൂറനാട് പഞ്ചായത്ത് ഭാഗത്തെ പുഞ്ചയിലായിരുന്ന സന്തോഷ്.
കഴിഞ്ഞ ആഴ്ചയാണ് തഴക്കര പഞ്ചായത്ത് ഭാഗത്തേക്ക് വന്നത്. തിരുവല്ല മഞ്ഞാടിയിലെ ലാബിൽ നടത്തിയ സാമ്പിൾ പരിശോധന ഫലം പോസിറ്റീവായതിനെത്തുടർന്നാണ് പക്ഷിപ്പനി ആണെന്ന സംശയം ബലപ്പെട്ടത്. തുടർന്ന് സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിൽ പരിശോധനയ്ക്ക് അയക്കുകയായിരുന്നു . കഴിഞ്ഞ ദിവസം ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ നടത്തിയ പരിശോധനയിൽ പക്ഷിപ്പനിക്ക് കാരണമായ വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. തുടർന്നാണ് മൃഗ സംരക്ഷണ വകുപ്പ് താറാവുകളെ ഇന്നലെ കൊന്ന് നശിപ്പിക്കാൻ തീരുമാനിച്ചത്.
തഴക്കര പഞ്ചായത്തിലെ 6605 താറാവുകളും ചുനക്കര,നൂറനാട് പഞ്ചായത്തുകളിൽ നിന്നുള്ള 1279 താറാവുകളും ഉൾപ്പെടെ 7884 താറാവുകളെ കൊന്ന് നശിപ്പിച്ചത്. പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശത്തിന് ഒരു കിലോ മീറ്റർ ചുറ്റളവിൽ വളർത്തിയ 207 താറാവുകളെയും കൊന്ന് നശിപ്പിച്ചു. കൂടാതെ തഴക്കര പഞ്ചായത്തുൾപ്പെടെ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയിൽ താറാവ്, കോഴി,കാട, മറ്റു വളർത്തുപക്ഷികൾ ഇവയുടെ ഇറച്ചി,മുട്ട കാഷ്ഠം എന്നിവയുടെ വിപണനവും ഉപയോഗവും ജില്ലാ ഭരണ കൂടം 25 വരെ നിരോധിച്ചിരിക്കുകയാണ്.
ഇന്നലെ വെട്ടിയാർ പെലുവേലിൽ ചാൽ പുഞ്ചയ്ക്ക് സമീപം നടന്ന കള്ളിംഗിന് ദ്രുതകർമസേന ചാർജ് ഓഫീസർ കൃഷ്ണപുരം സീനിയർ വെറ്റിനറി സർജൻ ഡോ. തോമസ് മാത്യു, തഴക്കര വെറ്ററിനറി സർജൻ ഡോ. രേണു കെ. രാജ്, തഴക്കര പഞ്ചായത്ത് പ്രസിഡൻറ് ഷീബ സതീഷ് തുടങ്ങി ഇരുപതംഗ ദ്രുതകർമ സേനാംഗങ്ങൾ കള്ളിംഗിന് നേതൃത്വം നൽകി.
കേന്ദ്ര മാനദണ്ഡ പ്രകാരമാണ് കള്ളിംഗ് നടത്തിയത്. താറാവുകളെ കൊന്ന ശേഷം വിറക്, ഡീസല്‍, പഞ്ചസാര എന്നിവ ഉപയോഗിച്ച് കത്തിച്ച് നശിപ്പിക്കുകയായിരുന്നു . കത്തിക്കല്‍ പൂര്‍ത്തിയായതിന് ശേഷം പ്രത്യേക സംഘമെത്തി സാനിറ്റേഷന്‍ നടപടികള്‍ സ്വീകരിക്കും.