കൈത്തറി യൂണിറ്റും കമ്യൂണിറ്റി ഹാളും കാടുകയറി നശിക്കുന്നു
1423165
Friday, May 17, 2024 11:36 PM IST
മാന്നാര്‍: പട്ടികജാതിക്കാരുടെ ക്ഷേമത്തിനായി നിര്‍മിച്ച കമ്യൂ ണിറ്റി ഹാളും കൈത്തറി യൂണിറ്റും കാടുകയറി നശിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ ഇപ്പോള്‍ നിലംപൊത്താറായി. പട്ടികജാതിക്ഷേമത്തിനായുള്ള എസ്സി ഫണ്ടുകള്‍ ഗുണകരമല്ലാത്ത പദ്ധതികള്‍ നടപ്പിലാക്കി നശിപ്പിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ കെട്ടിടങ്ങള്‍. മാന്നാര്‍ പഞ്ചായത്ത് 11-ാം വാര്‍ഡിലാണ് തൈച്ചിറ കമ്യൂണിറ്റി ഹാളും കൈത്തറി യൂണിറ്റും സ്ഥിതി ചെയ്യുന്നത്. പട്ടികജാതി വനിതകളുടെ ക്ഷേമത്തിനായി 11-ാം വാര്‍ഡില്‍ 2007ല്‍ നിര്‍മിച്ചതാണ് കൈത്തറി വസ്ത്രനിര്‍മാണ യൂണിറ്റ്.
15 ലക്ഷത്തോളം ചെലവഴിച്ചാണ് കെട്ടിടം നിര്‍മിക്കുകയും തറി ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വാങ്ങിക്കുയും ചെയ്തത്. 30 വനിതകള്‍ക്ക് കണ്ണൂരിലും പല്ലാരിമംഗലത്തും മൂന്നുമാസത്തെ പരിശീലനം നല്‍കിയശേഷം ഇവിടെ വസ്ത്രനിര്‍മാണം ആരംഭിച്ചു. രണ്ടുമാസത്തോളം മാത്രമേ യൂണിറ്റ് നന്നായി പ്രവര്‍ത്തിച്ചുള്ളൂ. ഇക്കാലയളവില്‍ തൊഴിലാളികള്‍ ഷീറ്റ്, തോര്‍ത്ത്, മറ്റ് വസ്ത്രങ്ങള്‍ എന്നിവ നിര്‍മിച്ച് വിപണനം നടത്തിയിരുന്നു.
എന്നാല്‍, പിന്നീട് സാധനങ്ങള്‍ വാങ്ങിക്കാതെ വരികയും ബന്ധപ്പെട്ട നിര്‍വഹണ ഉദ്യോഗസ്ഥന്റെ പേരില്‍ ആരോപണങ്ങള്‍ ഉയരുകയും ചെയ്തതോടെ കൈത്തറി യൂണിറ്റ് നിശ്ചലാവസ്ഥയിലായി. യൂണിറ്റിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഓഡിറ്റില്‍ ക്രമക്കേടും കണ്ടത്തി. ജോലിക്കര്‍ക്ക് വേതനം ലഭിക്കാതെ വന്നതോടെ ഒരോത്തരായി ജോലി ഉപേക്ഷിച്ചു. ഇതോടെ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുകയും കെട്ടിടവും യന്ത്രസാമഗ്രികളും നശിക്കാനും തുടങ്ങി. നിലവില്‍ കെട്ടിടവും യന്ത്രങ്ങളും നശിച്ചുകിടക്കുകയാണ്. നിര്‍വഹണ ഉദ്യോഗസ്ഥന് ദീര്‍ഘകാലം സസ്പെന്‍ഷനിലാവുകയും പിന്നീട് മരിക്കുകയും ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍നിന്നും 10 ലക്ഷം രൂപയോളം ചെലവഴിച്ച് 2009ല്‍ പണിതതാണ് തൈച്ചിറ കമ്യൂണിറ്റി ഹാള്‍. തൈച്ചിറ കോളനിയോട് ചേര്ന്നില്ക്കുന്ന ഹാളിന്റെ ഉദ്ഘാടനം കഴിഞ്ഞതല്ലാതെ ഒരു പരിപാടിയും നടന്നിട്ടില്ല. ആദ്യകാലങ്ങളില്‍ വെള്ളപ്പൊക്ക സമയത്ത് കോളനി നിവാസികള്‍ ഇവിടെ താമസിച്ചിരുന്നു. എന്നാല്‍, പൂര്‍ണമായും നശിച്ചതോടെ ഇപ്പോള്‍ താമസിക്കാനും കഴിയില്ല. കെട്ടിടത്തിന്റെ മേല്‍ക്കൂരയും ഭിത്തികളും വാതില്‍, ജനാല എന്നിവയും നശിച്ചു.
കാലാകാലങ്ങളില്‍ എസ്സി ഫണ്ട് ഉപയോഗിച്ച് കെട്ടടിടങ്ങള് പണതാല്‍ ഈ കെട്ടിടങ്ങളെ പിന്നീട് നിരീക്ഷിക്കുകയോ സംരക്ഷിക്കുകയോ ചെയ്യാത്ത് അവയുടെ തകര്‍ച്ചയ്ക്കു കാരണമാകുന്നു. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ഞായത്തിന്റെ കീഴിലായിരുന്നപ്പോഴാണ് തൈച്ചിറ കമ്യൂണിറ്റി ഹാള്‍ പണിയുന്നത്. പിന്നിട് ഇത് മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലായി. ഇതുമൂലം കമ്യൂണിറ്റി ഹാളുമായി ബന്ധപ്പെട്ട രേഖകള്‍ക്ക് രണ്ടു ബ്ലോക്ക് പഞ്ചായത്തിലും കയറിയിറങ്ങേണ്ട അവസ്ഥയായി. തകര്‍ന്നുപോയ കെട്ടിടങ്ങള്‍ നന്നാക്കിയെടുത്ത് നാടിന് പ്രയോജനപ്പെടുത്തുന്നതിന് ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍ ശ്രമിച്ചില്ലെങ്കില്‍ പാഴാകുന്നത് ലക്ഷങ്ങളാണ്.