യുവാവിനു കുത്തേറ്റു; പ്രതി അറസ്റ്റിൽ
1417463
Friday, April 19, 2024 11:54 PM IST
ഹരിപ്പാട്: യുവാവിനു കുത്തേറ്റ സംഭവത്തിൽ പ്രതി അറസ്റ്റിൽ. തൃക്കുന്നപ്പുഴ പുത്തൻപുരയ്ക്കൽ കണ്ണനെ (കാട്ടിലെ കണ്ണൻ-23) ആണ് തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കുന്നപ്പുഴ പള്ളിപ്പാട്ട് മുറി വാലയിൽ വീട്ടിൽ രാജേഷിനാ(39)ണ് കഴിഞ്ഞദിവസം രാത്രി കുത്തേറ്റത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
രാത്രി രാജേഷും സുഹൃത്ത് ശ്രീജിത്തും കൂടി സ്കൂട്ടറിൽ വരുന്ന സമയത്ത് തൃക്കുന്നപ്പുഴ മതുക്കൽ ഭാഗത്തുവച്ച് അലക്ഷ്യമായി കണ്ണൻ ഓടിച്ചുകൊണ്ടുവന്ന സ്കൂട്ടർ ഇവരുടെ വാഹനവുമായി കൂട്ടിയിടിക്കേണ്ടതായിരുന്നു. ഇത് ചോദ്യം ചെയ്തതിലുള്ള ദേഷ്യത്തിൽ കണ്ണൻ അവരെ പിന്തുടർന്ന് തൃക്കുന്നപ്പുഴ പാലത്തിന് പടിഞ്ഞാറുവശം വെച്ച് രാജേഷിനെ കുത്തുകയായിരുന്നു.
ഇടത് കൈയ്ക്കും പുറത്തും പരിക്കേറ്റ രാജേഷിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തൃക്കുന്നപ്പുഴ എസ്എച്ച്ഒ ടി.കെ. ശിവപ്രകാശ്, എസ് ഐമാരായ ശിവദാസമേനോൻ ശ്രീകുമാർ സിപിഓമാരായ വിഷ്ണു വേണുഗോപാൽ, രാഹുൽ കുറുപ്പ് അഖിൽ മുരളി വിശാഖ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.