പനച്ചമൂട്-കൊച്ചുവീട്ടില്‍ മുക്ക് റോഡ് പുനർനിര്‍മിക്കണം രമേശ് ചെന്നിത്തല
1416779
Tuesday, April 16, 2024 10:38 PM IST
ഹരിപ്പാട്: റീബിള്‍ഡ് കേരള പദ്ധതി പ്രകാരം ഹരിപ്പാട് മണ്ഡലത്തിലെ ചേപ്പാട് പഞ്ചായത്തില്‍ രണ്ടു കോടി മുടക്കി നിര്‍മിച്ച പനച്ചമൂട്-കൊച്ചുവീട്ടില്മുക്ക് റോഡ് നിര്‍മാണത്തിലെ ക്രമക്കേടും കെടുകാര്യസ്ഥതയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല എംഎല്‍എ മന്ത്രി എം.ബി. രാജേഷിന് കത്തുനല്‍കി. റീബീള്ഡ് കേരള പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ റോഡിന് ഭരണാനുമതി ലഭിച്ചിരുന്നത്.
നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പേരില്‍ രണ്ടു വര്‍ഷത്തോളമാണ് റോഡ് പൊളിച്ചിട്ടിരുന്നത്. നാട്ടുകാരുടെ നിരന്തര പ്രക്ഷോഭത്തിനും പ്രതിഷേധത്തിനും ഒടുവിലാണ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചതും ടാറിംഗ് നടത്തിയതും. എന്നാല്‍, നിര്‍മാണം പൂര്‍ത്തിയായി കഷ്ടിച്ച് ഒരുമാസത്തിനുള്ളില്‍ തന്നെ റോഡ് തകര്‍ന്നു തുടങ്ങിയതും ഇതിലെ ഗുരുതരമായ ക്രമക്കേടും വീഴ്ച്ചയും സംഭവിച്ചിട്ടുണ്ടെന്ന കാര്യം വ്യക്തമാക്കുന്നു.
ഈ സാഹചര്യത്തില്‍ പനച്ചമൂട് - കൊച്ചുവീട്ടില്‍ മുക്ക് റോഡ് നിര്‍മാണത്തിലെ ക്രമക്കേടിനെ സംബന്ധിച്ച് സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രസ്തുത റോഡ് യഥാവിധി പുനനിര്‍മിച്ച് സഞ്ചാരയോഗ്യമാക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിക്ക് നല്കിയ കത്തില്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.