കര്‍ഷക പ്രതിഷേധ സംഗമം ഇന്ന് എടത്വയില്‍
1396220
Thursday, February 29, 2024 1:55 AM IST
എടത്വ: കുട്ടനാട്ടില്‍ കൊയ്ത്ത് ആരംഭിച്ചിട്ടും കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങളില്‍ മുഖംതിരിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷക പ്രതിഷേധ സംഗമം ഇന്ന് എടത്വയില്‍ നടക്കും.
നെല്ലുവില ഉയര്‍ത്തുക, ഉത്പാദിപ്പിക്കുന്ന നെല്ല് സംഭരിക്കുക, യന്ത്രലഭ്യത ഉറപ്പുവരുത്തുക, തൊഴിലാളികളുടെ കൂലി ഏകീകരിക്കുക, സമയബന്ധിതമായി നെല്ല് സംഭരിച്ച് പിആര്‍എസ് എഴുതി നല്‍കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കുട്ടനാട്ടിലെ കര്‍ഷകര്‍ പ്രതിഷേധ സംഗമം നടത്തുന്നത്.
ഒരു കിലോ നെല്ലിന് കേന്ദ്രവിഹിതമായി ലഭിക്കുന്ന 21.83 രൂപയ്ക്ക് പുറമേ സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറച്ച 9.52 രൂപ ഉള്‍പ്പെടെ 31.35 രൂപാ ന്യായവിലയായി ലഭിക്കണമെന്നും ഏക്കറിന് 22 കിന്റല്‍ നെല്ലില്‍ കൂടുതല്‍ സംഭരിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി ഉറപ്പ് നല്‍കണമെന്നും സര്‍ക്കാര്‍ കൊയ്ത്ത് യന്ത്രം കുറവായതിനാല്‍ ന്യായമായ വാടകയ്ക്ക് സ്വകാര്യ യന്ത്രങ്ങള്‍ എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
കൂടാതെ കൊയ്ത്ത് കഴിഞ്ഞ് മൂന്നുദിവസത്തിനുള്ളില്‍ നെല്ലെടുക്കാനുള്ള നടപടി സ്വീകരിക്കണമെന്നും 24 മണിക്കൂറിനുള്ളില്‍ പിആര്‍എസ് എഴുതി നല്‍കണമെന്നും 10 ദിവസത്തിനുള്ളില്‍ കര്‍ഷകരുടെ ബാങ്ക് അകൗണ്ടില്‍ പണം എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കൈകാര്യ ചെലവ് മില്ലുടമകളില്‍നിന്ന് വാങ്ങി നല്‍കണമെന്നും ചുമട്ടുകൂലി, വാരുകൂലി എന്നിവ ഏകീകരിക്കണമെന്നും കര്‍ഷകര്‍ കൂട്ടിച്ചേര്‍ത്തു.
കര്‍ഷക സംഘനകള്‍ സംയുക്തമായി നടക്കുന്ന പ്രതിഷേധ സംഗമത്തില്‍ കുട്ടനാട്ടിലെ എല്ലാ കര്‍ഷകരും പങ്കെടുക്കണമെന്ന് റോയ് ഊരാംവേലില്, കറിയാച്ചന് ചേന്ദംകര എന്നിവര്‍ അറിയിച്ചു.