ശാസ്താംപുറം മാർക്കറ്റ് നവീകരണം ഉദ്ഘാടനം
1395978
Tuesday, February 27, 2024 11:35 PM IST
ചെങ്ങന്നൂർ: ഫിഷറീസ് വകുപ്പ് ആദ്യമായി സ്വന്തം ഉത്പന്നങ്ങൾ ലോകത്തിനു മുൻപിൽ അവതരിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചുവെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഓസ്ട്രേലിയ, കാനഡ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള മത്സ്യ ഉത്പന്നങ്ങളുടെ കയറ്റുമതി കരാർ കഴിഞ്ഞദിവസം മുഖ്യമന്ത്രി ഏറ്റുവാങ്ങിയതായും മന്ത്രി പറഞ്ഞു. ചെങ്ങന്നൂർ ശാസ്താംപുറം മാർക്കറ്റിൽ അഞ്ചു കോടി ചെലവഴിച്ചു നവീകരിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മത്സ്യമാർക്കറ്റുകൾ നവീകരിക്കുക എന്നത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. മാർക്കറ്റിൽ നിലവിലുള്ള വ്യാപാരികൾക്ക് തുടർന്ന് കച്ചവടം ചെയ്യുന്നതിന് സൗകര്യമൊരുക്കും.
മാർക്കറ്റിനോട് ചേർന്ന് മത്സ്യ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്ന സ്ഥാപനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ ശോഭ വർഗീസ് അധ്യക്ഷയായി. കെഎസ്സിഎഡിസി മാനേജിംഗ് ഡയറക്ടർ പി.ഐ. ഷെയ്ക്ക് പരീത് റിപ്പോർട്ട് അവതരിപ്പിച്ചു. കെഎസ് സി എംഎംസി ചെയർമാൻ എം.എച്ച്. റഷീദ്, എം. ശശികുമാർ, വി.എസ്. സവിത, ശ്രീദേവി ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.