ആലപ്പുഴ: ഒക്ടോബർ 14ന് പുളിങ്കുന്ന് ആറ്റിൽ നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) പുളിങ്കുന്ന് ജലോത്സവം കൂടുതൽ മികവുറ്റതാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആലോചനായോഗം പുളിങ്കുന്ന് പഞ്ചായത്ത് ഹാളിൽ ചേർന്നു.
മുൻ എംഎൽഎയും സിബിഎൽ ടെക്നിക്കൽ കമ്മിറ്റി അംഗവുമായ കെ.കെ. ഷാജു ഉദ്ഘാടനം ചെയ്തു. പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് പദ്മജ അഭിലാഷ് അധ്യക്ഷത വഹിച്ചു.
ജലോത്സവത്തിനു മുന്നോടിയായി ഒക്ടോബർ 12ന് വഞ്ചിപ്പാട്ട്, വടംവലി, ചിത്രരചന, തിരുവാതിര, ഗരുഡൻ, മാർഗംകളി, വേലകളി തുടങ്ങിയ കലാപരിപാടികൾ സംഘടിപ്പിക്കും. 13ന് സാംസ്കാരിക ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും നടത്തും.
ചുണ്ടൻ വള്ളങ്ങൾക്കു പുറമേ എ ഗ്രേഡ് വള്ളങ്ങളെയും മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ ശ്രമിക്കും. മത്സരത്തിനു വേണ്ട സുരക്ഷാക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും യോഗത്തിൽ വിലയിരുത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.വി. വിശ്വംഭരൻ, റോജി മണല, പഞ്ചായത്തംഗങ്ങളായ ജോസഫ് മാമ്പൂത്തറ, ശോഭന സനഹാസനൻ, ലീന ജോഷി, രജനി ഉത്തമൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റൂബി ജേക്കബ്, ഗ്രേഡ് എസ്ഐമാരായ ജയകുമാർ, ദേവസ്യ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.