ജനങ്ങള്‍ക്ക് ദുരിതം സമ്മാനിച്ച് സിറ്റി ഗ്യാസ് പദ്ധതി നീളുന്നു റോഡുകളില്‍ ദുരന്തം തുടര്‍ക്കഥ
1337267
Thursday, September 21, 2023 11:19 PM IST
ചേര്‍ത്തല: ചേര്‍ത്തലക്കാര്‍ക്ക് ഉപകാരപ്രദമായ സിറ്റി ഗ്യാസ് പദ്ധതി ഇഴഞ്ഞു നീങ്ങുന്നു. മാസങ്ങള്‍ പിന്നിട്ടിട്ടും പദ്ധതിയുടെ മെല്ലെപ്പോക്ക് നയം നാട്ടുകാര്‍ക്കു ദുരിതം വിതയ്ക്കുന്നു. ഗ്യാ സ് വലിക്കാനായി നഗരത്തിന്റെ വിവിധയിടങ്ങളില്‍ എടുത്തിട്ടുള്ള കുഴികള്‍ യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ദുരിതമാകുന്നു.
ഗ്യാസ് പദ്ധതിക്കായി എടുത്തിട്ടുള്ള റോഡിലെ കുഴിയില്‍വീണ് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഗ്യാസ് ലൈനുകള്‍ വലിക്കാനായി കുഴിയെടുക്കുമ്പോള്‍ പലയിടങ്ങളിലും കുടിവെള്ളക്കുഴല്‍ പൈപ്പുകള്‍ പൊട്ടി നഗരത്തില്‍ കുടിവെള്ളം വിതരണം മുടങ്ങുന്നതും ജനങ്ങള്‍ക്ക് മറ്റൊരു ദുരിതമായി മാറുന്നു. ഗ്യാസ് പദ്ധതി നല്ലതാണെങ്കിലും അധികൃതരുടെ അനാസ്ഥ ജനങ്ങള്‍ക്ക് ദുരിതം സമ്മാനിക്കുകയാണ്.
സിറ്റി ഗ്യാസ് പദ്ധതി
സിറ്റി ഗ്യാസ് പദ്ധതി വഴി പാചകവാതകം (പൈപ്പ്ഡ് നാച്വറല്‍ ഗ്യാസ് പിഎന്‍ജി) അതതു സ്ഥാപനങ്ങളിലും വീടുകളിലും എത്തിക്കുന്ന വിതരണം പദ്ധതി വയലാര്‍ പഞ്ചായത്തിലും ചേര്‍ത്തല നഗരസഭയിലുമാണ് ആദ്യം തുടങ്ങിയത്.
ഇതിനുവേണ്ടി തങ്കിയില്‍ സ്ഥാപിച്ചിട്ടുള്ള 24 കോടി രൂപ ചെലവില്‍ നിര്‍മിച്ച വിതരണ ശൃംഖലയ്ക്കു നിലവില്‍ 80,000 വീടുകളില്‍ പാചകവാതകം എത്തിക്കാന്‍ കഴിയും. കൊച്ചി പുതുവൈപ്പിനിലെ പ്ലാന്റില്‍നിന്ന് റോഡിനടിയിലൂടെ പൈപ്പ് ലൈന്‍ വഴി തങ്കിയിലെ പ്ലാന്റില്‍ വാതകമെത്തിക്കുന്നതാണ് പദ്ധതി.
എന്നാല്‍, ദേശീയപാത വികസനം നടക്കുന്നതിനാല്‍ തല്ക്കാലം കളമശേരിയിലെ പ്ലാന്റില്‍നിന്ന് ടാങ്കറില്‍ ദ്രാവകമായി ലിക്വിഡ് നാച്വറല്‍ ഗ്യാസ് (എല്‍എന്‍ജി) തങ്കിയിലെത്തിച്ച് ഡി - ഗ്യാസ് പ്രക്രിയയിലൂടെ പിഎന്ജിയാക്കി സംഭരിച്ചാണ് വിതരണം ചെയ്യുന്നത്. ചേര്‍ത്തല നഗരസഭ, വയലാര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി തുടങ്ങുന്നത്
പദ്ധതി നിലച്ചനിലയിൽ
ഈ പദ്ധതി പ്രകാരം വിതരണ പ്ലാന്റില്‍നിന്നു 60 കിലോമീറ്റര്‍ വരെ പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. പ്രധാന റോഡരികില്‍ ഭൂമിക്കടിയിലൂടെ 12 ഇഞ്ചിന്റെ സ്റ്റീല്‍ പൈപ്പും ഉപറോഡിലേക്കും വീടുകളിലേക്കും അഞ്ച് ഇഞ്ചിന്റെ പോളിത്തീന്‍ പൈപ്പുമാണ് സ്ഥാപിച്ചിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ പിഎന്‍ജി എത്തുന്ന വയലാര്‍ പഞ്ചായത്തിലെ 16 വാര്‍ഡുകളിലായി ആറായിരത്തോളം രജിസ്ട്രേഷനുകളും നാലായിരത്തോളം വീടുകളിൽ പ്ലംബിംഗ്, മീറ്റര്‍ സ്ഥാപിക്കല്‍ ജോലികളും പൂര്‍ത്തിയായിട്ടുണ്ട്.
ചേര്‍ത്തല നഗരസഭയിലെ 35 വാര്‍ഡുകളില്‍ 20 വാര്‍ഡുകളിലായി ഏഴായിരത്തോളം രജിസ്ട്രേഷനുകളും മൂവായിരത്തോളം വീടുകളില്‍ പ്ലംബിംഗ്, മീറ്റര്‍ സ്ഥാപിക്കല്‍ ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
ചിലഭാഗങ്ങളില്‍ ഗ്യാസ് വിതരണം തുടങ്ങിയതല്ലാതെ ഭൂരിഭാഗം സ്ഥലങ്ങളിലും ഗ്യാസ് വിതരണം തുടങ്ങിയിട്ടില്ല.
പല വീടുകളിലും ഗ്യാസ് പൈപ്പിനായി കുഴിയെടുക്കുകയും മീറ്റര്‍ സ്ഥാപിക്കുകയും പൈപ്പ് ലൈന്‍ അടുക്കളവരെ വലിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഭൂരിഭാഗം സ്ഥലങ്ങളിലും വീട്ടുകാര്‍ മാസങ്ങളായി ഗ്യാസിനായി കാത്തിരിക്കുകയാണ്.
കുടിവെള്ളം മുട്ടിച്ചു
ഗ്യാസ് ലൈന്‍ വലിക്കാനായി പലയിടങ്ങളിലും റോഡ് വെട്ടിപ്പൊളിച്ച് കുഴിയെടുക്കുമ്പോള്‍ കൂടെ ജപ്പാന് കുടിവെള്ളപൈപ്പിന്റെ കുഴലും പൊട്ടുന്നത് പതിവായി. ഇതുമൂലം പലയിടങ്ങളിലും ജനങ്ങള്‍ ദിവസങ്ങളോളം കുടിവെള്ളത്തിനായി ബുദ്ധിമുട്ടേണ്ടിവന്നു.
കുഴിയില്‍ വെള്ളം നിറഞ്ഞും അപകടങ്ങള്‍ ഉണ്ടായി. ചേര്‍ത്തല മൂലയില്‍ പള്ളിക്കു കിഴക്കും ചേര്‍ത്തല എയിഡഡ് ടീച്ചേര്‍സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് പടിഞ്ഞാറെ വശത്തും കുഴികള്‍ എടുത്തതു നാട്ടുകാര്‍ക്ക് തീരെ തലവേദനയായി. ഇവിടെയുണ്ടായിരുന്നു ജപ്പാന് കുടിവെള്ളത്തിന്റെ പ്രധാന ലൈന്‍ പൊട്ടിച്ചതോടെ പ്രദേശത്ത് ആകെ വെള്ളപ്പൊക്കമായി.
യുവാവിന്റെ മരണം
ജൂണ്‍ 25ന് വൈകുന്നേരം ജോലികഴിഞ്ഞു വീട്ടിലേക്കു ബൈക്കില്‍ വരുകയായിരുന്ന 32 വയസുള്ള സൂധീഷ് മൂലയില്‍ പള്ളിക്കുസമീപമുള്ള കുഴിയില്‍വീണു മരണപ്പെട്ടു.
ഗ്യാസ് ലൈന്‍ വലിച്ചവരുടെ അനാസ്ഥ. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പക്ഷെ വിവിധ രാഷ്ട്രീയപാര്‍ട്ടികൾ പ്രസ്താവനയുമായി രംഗത്തുവന്നെങ്കിലും പിന്നീട് അനങ്ങിയില്ല.
പണി തുടരുന്നു
ഗതാഗതം തടസപ്പെടുത്തിയും റോഡികള്‍ തകര്‍ത്തും ജനങ്ങള്‍ക്കിട്ട് പണികൊടുത്ത് ഗ്യാസ് ലൈന്കാരുടെ റോഡിലെ കുഴികള്‍ തുടരുന്നു.
ചേര്‍ത്തല കോടതി കവലയില്‍ സ്ഥാപനങ്ങളുടെ മുന്നിലുള്ള കുഴി കാരണം പല സ്ഥാപങ്ങളുടെയും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.
ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനായി ഗ്യാസ് ലൈന്‍ വലിക്കുന്ന പ്രക്രിയ അനന്തമായി നീളാതെ എത്രയും വേഗം പൂര്ത്തീകരിക്കണെന്നാണ് നാട്ടുകാരുടെ ആവശ്യം.