റോഡ് നിർമാണം ഇഴയുന്നു; പ്രതിഷേധം ശക്തമാകുന്നു
1336588
Tuesday, September 19, 2023 12:01 AM IST
മങ്കൊമ്പ്: റോഡ് നിർമാണം ഇഴയുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. റീ ബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി ചമ്പക്കുളം പഞ്ചായത്ത് നാലാം വാർഡിൽ നിർമിക്കുന്ന മാനത്തുകാട്-പുതുവീട് റോഡിന്റെ നിർമാണമാണ് സാങ്കേതിക തടസങ്ങൾ ഉന്നയിച്ചു നിർത്തിവച്ചിരിക്കുന്നത്.
1400 മീറ്റർ നീളം വരുന്ന റോഡിന്റെ 1000 മീറ്റർ ഭാഗം നിലവിൽ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന 400 മീറ്റർ ഭാഗത്തു മൂല പൊങ്ങന്പ്ര പാടശേഖരത്തിന്റെ പുറംബണ്ട് സംരക്ഷണാർഥം ഇറിഗേഷൻ വകുപ്പ് അടുത്തിടെ കരിങ്കൽഭിത്തി നിർമിച്ചിരുന്നു. ഇതിന്റെ സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് ഇറിഗേഷൻ വകുപ്പ് നൽകിയാൽ മാത്രമേ ഈ ഭാഗം കോൺക്രീറ്റ് ചെയ്യാൻ സാധിക്കൂ എന്ന മുടന്തൻ ന്യായമാണ് റീ ബിൽഡ് കേരള അധികൃതർ സ്വീകരിച്ചിരിക്കുന്നത്.
ഇരുന്നൂറിലധികം കുടുംബങ്ങളാണ് റോഡ് നിർമാണം പൂർത്തിയാകാത്തതുമൂലം ദുരിതമനുഭവിക്കുന്നത്. കൂടാതെ റോഡ് പൂർത്തിയാകുന്നതിലൂടെ മൂല പൊങ്ങമ്പ്ര പാടശേഖരത്തിന്റെ പുറംബണ്ടിന് കൂടുതൽ സുരക്ഷ ലഭിക്കുകയും ചെയ്യും. മുൻ നിശ്ചയിച്ച പ്രകാരം റോഡ നിർമാണം പൂർത്തീകരിക്കാൻ എംഎൽഎ അടക്കമുള്ള ജനപ്രതിനിധികൾ മുൻകൈയെടുക്കണമെന്ന് റോഡ് ഗുണഭോക്തൃസമിതി ആവശ്യപ്പെട്ടു.