കാക്കാഴം മേൽപാലം കുഴിപ്പാലമായി; കണ്ടില്ലെന്നു നടിച്ച് അധികൃതർ
1301694
Sunday, June 11, 2023 2:35 AM IST
അമ്പലപ്പുഴ: കാക്കാഴം മേൽപാലത്തിൽ വീണ്ടും കുഴി രൂപപ്പെട്ടു. എന്നാൽ, ഇതു കണ്ടില്ലെന്നു നടിച്ചു ദേശീയപാത വിഭാഗം. കണ്ടെയ്നറുകളും ദീർഘ ദൂര സർവീസുകളടക്കം നൂറു കണക്കിനു വാഹനങ്ങൾ രാപകൽ ഭേദമന്യേ സഞ്ചരിക്കുന്ന മേൽപ്പാലത്തിലാണ് വൻ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നത്.
ഒരു മാസം മുമ്പ് പൊട്ടി പൊളിഞ്ഞ ഭാഗങ്ങളിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി മെറ്റലും സിമന്റും ചേർന്ന മിശ്രിതം പൂശിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ഇവയെല്ലാം ഒലിച്ചു പോയി വൻ ഗർത്തം രൂപപ്പെട്ടു. കുഴിയിൽ വെള്ളം നിറഞ്ഞു കിടക്കുന്നതു ദൂരെനിന്നു വരുന്ന വാഹനങ്ങൾ കാണില്ല.
അടുത്തെത്തി പെട്ടെന്നു ബ്രേക്ക് ഇടുന്പോൾ കൂട്ടിയിടി നടക്കുന്നു. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ മേൽപ്പാലത്തിൽ ചെറുതും വലുതുമായ നിരവധി വാഹന അപകടങ്ങാളാണുണ്ടായത്.
മാസങ്ങൾക്കു മുമ്പാണ് ഇവിടെവച്ച് എറണാകുളത്തുനിന്നു തിരുവനന്തപുരത്തേക്കു പോയ നാലു യുവാക്കാൾ സഞ്ചരിച്ച കാർ തടി കയറ്റി പോയ ലോറിയുമായി കൂട്ടിയിടിച്ചു മരിച്ചത്. കാക്കാഴം പാലത്തിന്റെ പടിഞ്ഞാറേ ഇറക്കത്തിലും റോഡ് അവസാനിക്കുന്നിടത്തും വൻ ഗർത്തമാണ്.